യു.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസിന്‍റെ നരനായാട്ട്; പൊന്നാനി മുനിസിപ്പാലിറ്റി പരിധിയിൽ യു.ഡി.എഫ് ഹർത്താല്‍

Jaihind Webdesk
Thursday, August 30, 2018

പൊന്നാനി ഹാർബറിൽ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ യു.ഡി.എഫ് നേതാക്കൾക്കെതിരെ പോലീസിന്‍റെ നരനായാട്ട്. പോലീസിന്‍റെ മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്ന് പൊന്നാനി മുനിസിപ്പാലിറ്റി പരിധിയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.

ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് പൊന്നാനിയിലെ തീരദേശ മേഖല.ഇവിടെക്കാണ് പ്രളയ സ്ഥലങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തള്ളാൻ മുൻസിപ്പാലിറ്റി ജീവനക്കാർ എത്തിയത്. മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച യു.ഡി.എഫ് പ്രവർത്തകരെയാണ് പോലീസ് ക്രൂരമായി മർദിച്ചത്.യു.ഡി.എഫ് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എം.പി.നിസാർ, യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, കൗൺസിലർമാരായ എൻ.ഫസലുറഹ്മാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഗോപു, ജലീൽ,അതീഖ് എന്നിവർക്ക് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റു.പരാതിയുമായി മുൻസിപ്പാലിറ്റി ഓഫീസിലേക്കെത്തിയപ്പോഴും ഇവർക്കെതിരെ പോലീസ് മർദ്ദനം തുടർന്നു.

ഇതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് പൊന്നാനി മുൻസിപ്പാലിറ്റി പരിധിയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ,  വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പത്രം, പാൽ, ആശുപത്രിയിലേക്കുള്ള വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുൻസിപ്പൽ ഭരണസമിതിയുടെ അറിവോടെയാണ് മാലിന്യം തള്ളിയതെന്നും ഇതിനെതിരെ വരും ദിനങ്ങളിൽ പ്രതിഷേധം ശക്തമാക്കുമെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി. ലാത്തിചാർജ്ജിൽ പരിക്കേറ്റ പ്രവർത്തകരെ യു.ഡി.എഫ് നേതാക്കൾ ആശുപത്രിയിൽ സന്ദർശിച്ചു.