മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം: സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി; ഇടത് കോട്ടകളില്‍ അട്ടിമറി ജയം

Jaihind Webdesk
Monday, August 22, 2022

കണ്ണൂർ: മട്ടന്നൂ‌ർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. എൽഡിഎഫിന്‍റെ 8 വാർഡുകളിൽ യുഡിഎഫ് അട്ടിമറി വിജയം നേടി.

2017 ല്‍ ഏഴ് സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്. സീറ്റെണ്ണം ഇരട്ടിയാക്കിയാണ് യുഡിഎഫിന്‍റെ വിജയക്കുതിപ്പ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏഴില്‍ നിന്ന് 14 സീറ്റിലേക്ക് യുഡിഎഫ്  കുതിച്ചുയര്‍ന്നത് സിപിഎം ശക്തികേന്ദ്രങ്ങളെ വിറപ്പിച്ചുകൊണ്ടാണ്. ഏഴ് സിറ്റിംഗ് സീറ്റുകളാണ് എല്‍ഡിഎഫിന് നഷ്ടമായത്. സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയിലെ യുഡിഎഫ്  തേരോട്ടം മാറുന്ന രാഷ്ട്രീയ കാഴ്ചപ്പാടിന്‍റെ സൂചനയാണെന്നതില്‍ സംശയമില്ല.

മട്ടന്നൂർ എച്ച്എച്ച്എസ് എസിലാണ് വോട്ടെണ്ണല്‍ നടന്നത്.  84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38,811 വോട്ടർമാരിൽ 32,837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലായി 111 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.