‘കടലിനും കടലിന്‍റെ മക്കള്‍ക്കും വേണ്ടി’ ; സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി യുഡിഎഫ് തീരദേശ ജാഥ

Jaihind News Bureau
Thursday, March 4, 2021

മലപ്പുറം : ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന വടക്കൻ മേഖലാ തീരദേശ ജാഥ മലപ്പുറം ജില്ലയിൽ പര്യടനം തുടരുന്നു. ആവേശകരമായ സ്വീകരണമാണ് വിവിധ ഇടങ്ങളിൽ ജാഥയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച സർക്കാർ നിലപാടിനെതിരെയുള്ള ശക്തമായ പ്രതിഷേധമുയർത്തിയാണ് ജാഥ പുരോഗമിക്കുന്നത്.

‘കടലിനും കടലിന്‍റെ മക്കൾക്കും വേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി ടി.എൻ പ്രതാപൻ എം.പി നയിക്കുന്ന തീരദേശ ജാഥ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചത്. വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ആനങ്ങാടിയിൽ ജാഥയ്ക്ക് ആദ്യ സ്വീകരണം നൽകി. തീരപ്രദേശം പൂർണ്ണമായും അമേരിക്കൻ കമ്പനിക്ക് കീഴിൽ പോയാൽ ഉപജീവനത്തിനായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ പട്ടിണിയിൽ ആകുമെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

ഉച്ചക്ക് ശേഷം ചാപ്പപ്പടി, വാഴക്കത്തെരു, കൂട്ടായി തുടങ്ങിയ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകി. ജാഥാ നായകന് വിവിധ ഇടങ്ങളിൽ നിന്ന് വലിയ ജന പങ്കാളിത്തത്തോടെയുള്ള സ്വീകരണമാണ് ലഭിച്ചത്. ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി, എം.എൽ.എമാരായ എ.പി അനിൽകുമാർ, അബ്ദുൽ ഹമീദ്, അബ്ദു റബ്ബ് തുടങ്ങിയവർ വിവിധ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു. നാളെ 3.30ന് പൊന്നാനിയിലുള്ള സ്വീകരണത്തോടെ മലപ്പുറം ജില്ലയില്‍ ജാഥ പര്യടനം പൂർത്തിയാക്കും.