ഉമാ തോമസ് പത്രിക സമർപ്പിക്കാനെത്തിയത് സൈക്കിള്‍ റിക്ഷയില്‍; ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം

Jaihind Webdesk
Monday, May 9, 2022

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് കാക്കനാട് കളക്ട്രേറ്റിൽ വരണാധികാരി വിധു മേനോന് മുമ്പിൽ നോമിനേഷൻ സമർപ്പിച്ചു. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിൾ റിക്ഷയിലെത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി നോമിനേഷൻ സമർപ്പിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവിലൂടെ നടത്തുന്ന ജനദ്രോഹ നടപടിയിലുള്ള പ്രതിഷേധമായാണ് ഇത്തരം ഒരു രീതി സ്വീകരിച്ചതെന്ന് ഉമാ തോമസ് പറഞ്ഞു. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി.ടി തുടങ്ങി വച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നും ഉമാ തോമസ് പറഞ്ഞു.

‘പി.ടി തോമസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം മുഴക്കിയ നൂറുകണക്കിന് പ്രവർത്തകരുടെയും യുഡിഎഫ് നേതാക്കളുടെയും അകമ്പടിയോടെയാണ് ഉമാ തോമസ് എത്തിയത്. എംപി മാരായ ഹൈബി ഈഡനും, ജെബി മേത്തറും ഉമാ തോമസിനൊപ്പം റിക്ഷയിൽ ഉണ്ടായിരുന്നു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് റിക്ഷ ചവിട്ടിയത്.

ബെന്നി ബെഹനാൻ എം.പി, എംഎൽഎമാരായ ടി.ജെ വിനോദ്, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്‍റ് യുഡിഎഫ് നേതാക്കളായ ഷിബു തെക്കുംപുറം, കെപി ധനപാലൻ, പി.കെ ജലീൽ, ജോസഫ് അലക്സ് , നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ ടി.എച്ച് മുസ്തഫ, പി.പി തങ്കച്ചൻ എന്നിവരെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ഉമാ തോമസ് നാമനിർദേശ പത്രിക നൽകാൻ എത്തിയത്. ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് രാവിലെ പത്രിക സമർപ്പിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാർത്ഥി എ.എന്‍ രാധാകൃഷ്ണന്‍ നാളെ പത്രിക സമർപ്പിക്കും.