തിരുവനന്തപുരം: പ്രചാരണത്തിന് ഒരു ദിവസം അവധി നല്‍കി മകനുമായി ആശുപത്രിയിലാണ് അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജി കണ്ണന്‍. രക്താർബുദത്തിനു ചികിത്സയിലാണ് കണ്ണന്‍റെ 9 വയസ്സുള്ള മകന്‍ ശിവകിരൺ. ആർസിസിയില്‍ ചികിത്സയ്ക്കുപോകേണ്ടതിനാല്‍ ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൈകിട്ട് വരെ അവധി നല്‍കുകയായിരുന്നു അദ്ദേഹം.
ഭാര്യ സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചെങ്കിലും മകന്‍റെ നിർബന്ധത്തെ തുടർന്ന് കണ്ണനും ഒപ്പം പോകേണ്ടിവന്നു. തുടർന്ന് പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു. ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്കൂളിൽ പഠിക്കുന്ന ശിവകിരണിനു 3 വർഷം മുൻപു പനി ബാധിച്ചു. ഒരാഴ്ച കഴിഞ്ഞു വീണ്ടും പനി. ഇതു പതിവായതിനൊപ്പം മുഖത്തു ചോര നിറമുള്ള പാടുകൾ. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ആർസിസിയിലേക്ക് അയച്ചത്.രോഗം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടർമാർ പറഞ്ഞു.
എന്നും വീട്ടിൽ പോയി വരാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ടാണ് ചികിത്സയ്ക്ക് വഴിയൊരുക്കിയത്. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് ഉള്ളൂരിനടുത്ത് വീടു വാടകയ്ക്കെടുത്തത്. സാമ്പത്തികമായി തകർന്നപ്പോൾ നാട്ടിലുള്ളവരെല്ലാം സഹായിച്ചു. വാടകവീട്ടിൽ 2 വർഷം താമസിച്ചാണു ചികിത്സ പൂർത്തിയാക്കിയത്. ഇപ്പോൾ 3 മാസം കൂടുമ്പോൾ പരിശോധന നടത്തേണ്ടത്.