തൃക്കാക്കര : നല്ല മഴ പെയ്യുമ്പോഴാണ് ഉമ തോ തോമസ് കണ്ണങ്കേരി കോളനിയിൽ എത്തിയത്. മഴ അല്പം കുറയുമ്പോൾ ഇറങ്ങാമെന്നായി കൂടെയുള്ളവർ. സമയം ഒട്ടും കളയാനില്ലെന്ന് പറഞ്ഞ് സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ച് വീടുകളിലേക്ക് ഇറങ്ങി. നമ്മുടെ ചിഹ്നം കൈപ്പത്തി നമ്മുടെ സാരഥി ഉമാ തോമസ് എന്ന് മുദ്രാവാക്യം മുഴക്കി കുട്ടികളായ ശ്രേയയും അഭിമന്യുവും ദേവികയും അഭിഷേകും കൊടിയും പിടിച്ച് സ്ഥാനാർത്ഥിയെ മുന്നിൽ നിന്ന് നയിച്ചു. ആവേശപൂർവ്വം കോളനിയിലെ ഓരോ വീടുകളും കയറിയാണ് സ്ഥാനാർത്ഥി മടങ്ങിയത്. വോട്ട് അഭ്യർത്ഥനയുടെ ആവേശത്തിൽ മഴ അല്പം മാറി നിന്ന് സ്ഥാനാർത്ഥിക്ക് വഴിയൊരുക്കി.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ഇന്നത്തെ പര്യടനം ആരംഭിച്ചത് തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ്. നിലംപതിഞ്ഞിമുഗളിലെത്തിയ ഉമാ തോമസ് പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥന നടത്തി. വീടുകളിലെത്തി പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ടു പിന്തുണ തേടിയാണ് സ്ഥാനാർത്ഥി മടങ്ങിയത്. വലിയ സ്വീകാര്യതയാണ് ഉമാ തോമസിന് ലഭിച്ചത്. പിന്നീട് മേത്തർ വില്ലയിലെത്തി വോട്ടർമാരെ നേരിൽ കണ്ടു. അതിനുശേഷം കണ്ണൻങ്കേരി കോളനിയിലെത്തി വോട്ടഭ്യർത്ഥന നടത്തി. അവിടെയുണ്ടായിരുന്ന ശാരദ ചേച്ചി ‘പി.ടി ഞങ്ങൾക്ക് എല്ലാമെല്ലാം ആയിരുന്നുവെന്നും അദ്ദേഹം ചെയ്തതുപോലെ മോളും ചെയ്യണമെന്ന്’ പറഞ്ഞുകൊണ്ട് ഉമയെ ചേർത്തുപിടിച്ചത് എല്ലാവരിലും ആവേശം പകർന്നു. ഗോകുലം, അനേഖ ഫ്ളാറ്റുകളിലെത്തി വോട്ടഭ്യർത്ഥന നടത്തിയാണ് ഉമ മടങ്ങിയത്. ട്രിനിറ്റി ഫ്ലാറ്റിൽ എത്തി ആളുകളോട് വോട്ട് അഭ്യർത്ഥിച്ചു. ഹൈബി ഈഡൻ എംപിയും കൂടെ ഉണ്ടായിരുന്നു.
തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ പെട്രോളിയം ഉല്പന്നത്തിനു വില കുറച്ചിട്ടും സംസ്ഥാന സർക്കാർ നികുതി കുറക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി തോമസിന്റെ വിയോഗം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനാധിപത്യ വിശ്വാസികൾക്ക് നഷ്ടമാണെന്നും അദ്ദേഹം തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകുവാൻ ഉമാ തോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാജയഭീതി കൊണ്ടാണ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നത്. ജനങ്ങളെ വെല്ലുവിളിക്കുന്നു ശൈലിയാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ധിക്കാരം നിറഞ്ഞ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി തൃക്കാക്കര മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു.
മനയ്ക്കകടവിൽ നിന്ന് ആരംഭിച്ച പര്യടനം ഇടച്ചിറ ജംഗ്ഷൻ, ഇൻഫോ പാർക്ക്, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുഗൾ, കണ്ണങ്കേരി, തൂതിയൂർ, സുരഭി നഗർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി വൈകി കാക്കനാട് ജംഗ്ഷനിൽ സമാപിച്ചു. ഓരോ സ്വീകരണ പോയിന്റിലും ആവേശത്തോടെയുള്ള സ്വീകരണവും ജനപങ്കാളിത്തവുമാണ് കാണാന്‍ കഴിഞ്ഞത്. ഇടച്ചിറ ജംഗ്ഷനിൽ കെ.പി.എ മജീദ് എംഎൽഎ സ്ഥാനാർത്ഥി പര്യടനത്തിന് അഭിവാദ്യം അർപ്പിച്ച് എത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശം പകർന്നു.