വനംകൊള്ളയിൽ ഫാക്ട് ഫൈൻഡിങ് കമ്മീഷനെ നിയോഗിച്ച് യുഡിഎഫ് ; മൂന്നംഗ സമിതി അന്വേഷിക്കും

Jaihind Webdesk
Thursday, June 24, 2021

തിരുവനന്തപുരം : വനംകൊള്ളയിൽ ഫാക്ട് ഫൈൻഡിങ് കമ്മീഷനെ നിയോഗിച്ച് യുഡിഎഫ്. പ്രൊഫ.ഇ കുഞ്ഞികൃഷ്ണൻ, അഡ്വ.സുശീല ഭട്ട്, ഒ.ജയരാജ് ഐ.എഫ്.എസ്, എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് യു.ഡി.എഫ് നിയോഗിച്ചത്.

സംസ്ഥാനത്തെ എട്ടിലധികം ജില്ലകളില്‍ വ്യാപക മരംമുറി നടന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നയങ്ങളും ചട്ടങ്ങളും മറികടന്ന് വനം മാഫിയയെ സഹായിക്കുന്ന രീതിയാണ് ഇടത് സർക്കാരിന്‍റേത്.  മുന്‍ വനംമന്ത്രിയുടെ പി.എസിന്‍റെ അനുവാദത്തോടെയാണ് തടി കടത്തിയത്. മരംമുറി കേസിലെ പ്രതികളും പേഴ്‌സണല്‍ സ്റ്റാഫും പലതവണ ഫോണ്‍ ചെയ്തു. മുന്‍ വനം, റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി കൂടി അറിഞ്ഞാണ് മരംമുറി ഉത്തരവിറങ്ങിയത്. കേസ് തേച്ചുമാച്ചു കളയാൻ ആകില്ലെന്നും ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി കേസന്വേഷണം അവസാനിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സംസ്ഥാന വ്യാപക ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.