കരിമ്പനകളുടെ നാട്ടിലെ തേരോട്ടത്തിന് ശേഷം പൂരങ്ങളുടെ ദേശത്തേക്ക് ; പാലക്കാടിനെ ഇളക്കിമറിച്ച് ഐശ്വര്യകേരള യാത്ര

Jaihind Webdesk
Monday, February 8, 2021

 

പാലക്കാട്: ആവേശം അല്ലതല്ലി ഐശ്വര്യകേരള യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനം സമാപിച്ചു. അതി ഗംഭീര സ്വീകരണമാണ് ജില്ലയിൽ ഉടനീളം ലഭിച്ചത്. സ്വീകരണ യോഗങ്ങളെല്ലാം മഹാസമ്മേളനങ്ങളായി മാറി. തൃത്താലയിലെ ആദ്യ യോഗത്തിന് ശേഷം പട്ടാമ്പിയിൽ എത്തിയപ്പോൾ നാട് ഇതു വരെ കണ്ടിട്ടില്ലാത്ത ജനമാണ് ഒഴുകി എത്തിയത്. ജനബാഹുല്യം കാരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണ വേദിയിൽ എത്തിച്ചേരാന്‍ മണിക്കൂറുകൾ വേണ്ടിവന്നു.

‘പിടിച്ചടക്കും പട്ടാമ്പി’ എന്ന ജനസഞ്ചയത്തിന്‍റെ മുദ്രാവാക്യം പട്ടാമ്പിയെ പ്രകമ്പനം കൊള്ളിച്ചു. ചെർപ്പുളശ്ശേരിയിലും ശ്രീകൃഷ്ണപുരത്തും ആവേശത്തിന് കുറവുണ്ടായില്ല. മണ്ണാർക്കാടാണ് യാതയുടെ ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനം സമാപിച്ചത്. കോങ്ങാട് നിന്നാണ്  രണ്ടാം ദിവസത്തെ യാത്ര തുടങ്ങിയത്. കോട്ടായി, ആലത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ എന്നിവിടങ്ങളിൽ പതിനായിരങ്ങളാണ് പ്രിയപ്പെട്ട നേതാവിനെ ശ്രവിക്കാൻ തടിച്ചുകൂടിയത്.

കത്തുന്ന വെയിലിനെ അവഗണിച്ച് ജനദ്രോഹ സർക്കാരിനെതിരെ ജനം അണിനിരന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനം ആവേശത്തോടെയാണ് നെല്ലറയുടെ നാട് സ്വീകരിച്ചത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന സമാപന സമ്മേളനം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. യു.ഡി.എഫ് ഉണർന്നാൽ ഇളകാത്ത ഒരു എൽ.ഡി.എഫ് കോട്ടയും ഇല്ല എന്ന് വ്യക്തമാക്കി പ്രവർത്തകരിൽ പോരാട്ട വീര്യം നിറച്ചാണ് യാത്ര കടന്നു പോയത്.