ഇടുക്കി: റോഷി അഗസ്റ്റിൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്. യുഡിഎഫ് വോട്ടുകൾ നേടി വിജയിച്ച റോഷി അഗസ്റ്റിന് എൽ ഡി എഫ് എംഎൽഎയായി തുടരാൻ ധാർമിക അവകാശമില്ലെന്നും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു
കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നയിലേക്ക് മാറിയതോടെ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ രാജിവെക്കണമെന്നാണ് നേതൃത്വത്തിന്‍റെ ആവശ്യം. മുൻ കാലങ്ങളിൽ യുഡിഎഫിന്‍റെ പ്രവർത്തന മികവിന്‍റെ ഫലമായാണ് ഇടുക്കിയിൽ റോഷി വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രധാന നേതാക്കളെ ഒഴിവാക്കി റോഷിയെ സ്ഥാനാർത്ഥിയാക്കിയപ്പോൾ കേരള കോൺഗ്രസിൽ ഭിന്നത ഉണ്ടായിരുന്നു. അപ്പോഴും കേരള കോൺഗ്രസിന് ഒപ്പമായിരുന്നു ജില്ലയിലെ യുഡിഎഫ് നേതൃത്വം. ഇടുക്കിയിലെ സീറ്റ് യുഡിഎഫിന്‍റെ വരദാനമാണ്. അതിനാൽ റോഷി രാജിവെക്കണമെന്നും ആവശ്യമുന്നയിച്ച് മണ്ഡലത്തിൽ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതൃത്വം അറിയിച്ചു.