ആശമാരുടെ സങ്കടം ഏറ്റുവാങ്ങി UDF; തദ്ദേശസ്ഥാപനങ്ങളില്‍ ആശമാര്‍ക്ക് വര്‍ദ്ധിപ്പിച്ച ഓണറേറിയം

Jaihind News Bureau
Thursday, March 27, 2025


സര്‍ക്കാരിന്റെയും സിപിഎം-സിഐടിയു പിണിയാളുകളുടേയും അവഹേളനങ്ങളും ചീത്തവാക്കുകളും കേട്ടുകൊണ്ട് ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും നടത്തുന്ന സഹന സമരത്തിന് യുഡിഎഫിന്റെ കൈത്താങ്ങ്. വേതനവര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം ഒന്നരമാസം പിന്നിടുമ്പോള്‍ പോലും ഇതിനോട് മുഖം തിരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പ്രശ്്‌നം പരിഹരിക്കേണ്ട സര്‍ക്കാരിന്റ അവഗണന തുടരുമ്പോള്‍ ഓണറേറിയം തനതു ഫണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുകയാണ് വിവിധ നഗരസഭകളും പഞ്ചായത്തുകളും.

യുഡിഎഫ് ഭരിക്കുന്ന മിക്കപഞ്ചായത്തുകളും ഈ സഹായം അവരുടെ വാര്‍ഷിക ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി അംഗീകാരം നേടിയെടുക്കുകയാണ്. കണ്ണൂര്‍ , പെരുമ്പാവൂര്‍, മണ്ണാര്‍ക്കാട്, മരട് നഗരസഭകള്‍ ഇതിനകം ആശാവര്‍ക്കര്‍മാരുടെ അധിക ഓണറേറിയം പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ കോന്നി, എലപ്പുള്ളി, തൊടിയൂര്‍ പഞ്ചായത്തുകളും അധിക വേതനം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിലവില്‍ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇന്‍സെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്തുകളും നഗരസഭകളും പ്രഖ്യാപിച്ചിരിക്കുന്നത്.

മിക്ക തദ്ദേശസ്ഥാപനങ്ങളും 1000- 2000 രൂപ വരെ പ്രതിമാസം വര്‍ദ്ധനവ് കിട്ടുന്നരീതിയിലാണ് ഓണറേറിയം വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി ആശാവര്‍ക്കര്‍മാര്‍ക്ക് കുറഞ്ഞത് 12,000 രൂപ വാര്‍ഷിക ഓണറേറിയത്തില്‍ വര്‍ദ്ധനവുണ്ടാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതുമൂലം 5-8 ലക്ഷം വരെ വാര്‍ഷിക ബാദ്ധ്യതയുണ്ടാകും. തനതു ഫണ്ടില്‍ നിന്ന് ഇതു കണ്ടെത്തുമെന്നാണ് ഇവരുടെ വിശദീകരണം