‘പ്രതിസന്ധികളെ നമ്മള്‍ മറികടക്കും’; ഉദയ്പുർ പ്രഖ്യാപനത്തില്‍ സോണിയാ ഗാന്ധി

Jaihind Webdesk
Sunday, May 15, 2022

 

ഉദയ്പുര്‍: കോണ്‍ഗ്രസിനെ അടിമുടി ശക്തിപ്പെടുത്താനുള്ള സുപ്രധാന  തീരുമാനങ്ങളുമായി നവസങ്കല്‍പ്പ് ചിന്തന്‍ ശിവിറിന് സമാപനം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉദയ്പുര്‍ പ്രഖ്യാപനം നടത്തി. പാര്‍ട്ടിയിലെ യുവജന, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസിനെ നവീകരിക്കാനുള്ള നിരവധി തീരുമാനങ്ങളാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ചിന്തന്‍ ശിവിരിലൂടെ ഉരുത്തിരിഞ്ഞത്.  പ്രതിസന്ധികളെ നമ്മള്‍ മറികടക്കുമെന്നും അതിജീവിക്കുമെന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടതെന്നും സോണിയാ ഗാന്ധി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.

സുപ്രധാന പ്രഖ്യാപനങ്ങള്‍:

ആറ് മാസത്തിനകം പാര്‍ട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തും.

ദേശീയതലത്തില്‍ രാഷ്ട്രീയകാര്യസമിതി രൂപീകരിക്കും.

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ പരിശീലനം നല്‍കും.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് മാതൃകയില്‍ ദേശീയതലത്തില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കും.

ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കശ്മീർ മുതല്‍ കന്യാകുമാരി വരെ പദയാത്ര നടത്തും.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ജനജാഗരണ്‍ പദയാത്ര

ഒരു വ്യക്തിക്ക് ഒരു പദവി.

പാര്‍ട്ടി ഭാരവാഹിത്വത്തില്‍ പകുതി 50 വയസില്‍ താഴെയുള്ളവര്‍ക്ക്.

പാര്‍ട്ടി പദവികളില്‍ പകുതി ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്.