കണ്ണൂർ സർവകലാശാലയില്‍ സർവത്ര ചട്ടലംഘനം; ഗവർണർക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു

Jaihind Webdesk
Tuesday, September 14, 2021

 

കണ്ണൂർ സർവകലാശാല വിവാദ സിലബസ് പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിൽ ചട്ടലംഘനമെന്ന് കെഎസ്‌യു ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സൺ നിയമനം ഗവർണറുടെ അനുമതിയില്ലാതെയെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ കമ്മിറ്റി. വിവാദ കാവി സിലബസ് സമിതി ചെയർമാൻ കെഎം സുധീഷിനെ പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനാക്കിയത് സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ ചട്ടങ്ങൾ മറികടന്നാണെന്നും ഇതിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്.

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിന് പിന്നിൽ വിശാല കാഴ്ചപ്പാടല്ല ആസൂത്രിതമായി സംഘപരിവാർ അജണ്ട നടത്താനുള്ള ശ്രമമാണ് നടന്നതെന്ന് കെഎസ്‌യു നേതാക്കൾ പറഞ്ഞു. പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും വിവാദ സിലബസ് തയാറാക്കിയ സമിതിയുടെ കൺവീനറും ഡോ. സുധീഷ് കെഎം ആയിരുന്നു. ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനെ നിയമിക്കേണ്ടത് ചാൻസിലർ ആണെന്നിരിക്കെ സിന്‍ഡിക്കേറ്റാണ് നിയമിച്ചതെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ഡോക്ടർ സുധീഷ് കെഎമ്മിനെ പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ ഗവർണർക്ക് പരാതി നൽകും. വിവാദ സിലബസ് തയാറാക്കിയ അധ്യാപകനെ മുഴുവൻ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

പയ്യന്നൂർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ് പിജി വിദ്യാർത്ഥികൾക്കുള്ള വിവാദ സിലബസ് തയാറാക്കിയത്. വരുംദിവസങ്ങളിൽ കെഎസ്‌യു ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അതുൽ വികെയും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.