യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്ററന്‍റ് അടച്ചു ; ജബല്‍ ജെയ്‌സിലെ “1484 ” പിന്നീട് തുറക്കുമെന്ന് അധികൃതര്‍

Jaihind News Bureau
Thursday, February 18, 2021

ദുബായ്  : യുഎഇയിലെ ഏറ്റവും ഉയരത്തിലുള്ള റസ്റ്ററന്‍റ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താല്‍ക്കാലികമായി അടച്ചു. റാസല്‍ഖൈമയിലെ ടൂറിസ്റ്റ് കേന്ദ്രമായ ജബല്‍ ജെയ്‌സിലെ പര്‍വത നിരകള്‍ക്ക് മുകളിലുള്ള, 1484 പുരോ എന്ന റസ്റ്ററന്‍റാണ് അടച്ചുപൂട്ടിയത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സമുദ്രനിരപ്പില്‍ നിന്നും 1484 മീറ്റര്‍ ഉയരത്തിലുള്ള  ഈ ഫൂഡ് ആന്‍ഡ് ബിവറേജ് റസ്റ്ററന്‍റ് തുറന്നത്. റാസല്‍ഖൈമ എമിറേറ്റില്‍ നടപ്പാക്കിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് റസ്റ്ററന്‍റ് താല്‍ക്കാലിമായി അടച്ചത്.

റാസല്‍ ഖൈമയിലേക്കുള്ള എല്ലാ സന്ദര്‍ശകരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് അടയ്ക്കുന്നതെന്ന് റസ്റ്ററന്‍റ് അധികൃതര്‍ അറിയിച്ചു. അതേസമയം,  കൂടുതല്‍ മികവോടെ, നവീകരിച്ച് റസ്റ്ററന്‍റ് വീണ്ടും തുറക്കുമെന്ന് അറിയുന്നു. അതേസമയം, ജബല്‍ ജെയ്‌സിലെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമായ ഇവിടെ നിന്നുള്ള കാഴ്ചകള്‍, ഏറെ പേരെ ആകര്‍ഷിപ്പിച്ചിരുന്നു.