കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന പുത്തൻ പദ്ധതികൾക്ക് വേഗത കൂട്ടി യുഎഇ

Jaihind Webdesk
Wednesday, May 29, 2019

യുഎഇയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്ന പുത്തൻ പദ്ധതികൾക്ക് സര്‍ക്കാര്‍ വേഗത കൂട്ടി. ഇതിന്‍റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം 1500 സര്‍ക്കാര്‍ സേവനങ്ങൾക്ക് യുഎഇയിൽ ഫീസുകൾ റദ്ദാക്കിയിരുന്നു.

യു.എ.ഇയിൽ സർക്കാർ നൽകുന്ന 1500 സേവനങ്ങൾക്കുള്ള ഫീസാണ് അധികൃതർ റദ്ദാക്കിയത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചക്കും വിദേശ നിക്ഷേപത്തിനും കൂടുതൽ മികച്ച പ്രോത്സാഹനം നൽകുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്‍റെ ഭാഗമായി ചില ഫീസുകളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചു. യു.എ.ഇ മന്ത്രിസഭയാണ് 1500 സർക്കാർ സേവനങ്ങളുടെ ഫീസ് പിൻവലിച്ച് സേവനങ്ങൾ സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആഭ്യന്തമന്ത്രാലയം, സാമ്പത്തിക കാര്യമന്ത്രാലയം, മാനവവിഭവ ശേഷി മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട സേവന ഫീസുകളിൽ മാറ്റം വരും. ഇത്തരം സേവന ഫീസ് റദ്ദാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനാണ് പുതിയ തീരുമാനം.

ഇത് രാജ്യത്തെ ബിസിനസ് മേഖലയിലുള്ളവർക്കും നിക്ഷേപകർക്കും വലിയ നേട്ടമാകുമെന്നും മന്ത്രിസഭ വിലയിരുത്തി. ഗൾഫിൽ ഏറ്റവും കൂടുതൽ വിദേശനിക്ഷേപം എത്തുന്ന രാജ്യം എന്ന നിലയിൽ, യുഎഇയിലെ സ്ഥാപനങ്ങൾക്ക് അവരുടെ ഭരണപരമായ ചെലവുകൾ കുറക്കാൻ ഇത് സഹായകമാകും. ഇത് കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കുമെന്നും മന്ത്രിസഭ വിലയിരുത്തി. യു.എ.ഇയിൽ നികുതി ഘടന നിലവിൽ വന്നതോടെ ലഭിക്കുന്ന വരുമാനവും, സർക്കാറിന്റെ റവന്യൂ വരുമാനവും , തുലനം ചെയ്യുന്ന നടപടികളുടെ ഭാഗം കൂടിയാണ് ഈ പുതിയ മാറ്റങ്ങൾ.