ദുബായ് : യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് , 94% വരെ കുറച്ചത് വഴി , രാജ്യത്തേയ്ക്ക് നിക്ഷേപം ആകര്‍ഷിച്ച്, ബിസിനസ് ശക്തിപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഗവര്‍മെന്റിന് കീഴിലെ, 145 സേവനങ്ങളുടെ ഫീസിലാണ് ഇപ്രകാരം കുറവ് രേഖപ്പെടുത്തിയത്.
സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെ കുറച്ചു കൊണ്ടാണ്, ഇക്കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ തീരുമാനം വന്നത്. യുഎഇ ചരിത്രത്തില്‍ തന്നെ, ഇത് ആദ്യമായാണ്, ഇത്തരത്തില്‍ സര്‍ക്കാര്‍ ഫീസുകള്‍, കൂട്ടത്തോടെ, ഇത്രയും കുറയ്ക്കുന്നത്. പുതിയ നിരക്ക് വഴി, യുഎഇയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിപ്പിക്കാനും, ബിസിനസ് ശക്തിപ്പെടുത്താനും കഴിയുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് 145 ഗവര്‍മെന്റ് സേവനങ്ങളിലെ 128 ഇടപാടുകളുടെ നിരക്ക് കുറയുമെന്ന് , മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന, തസ്ഹീല്‍, തദ്ബീര്‍, തൗജീഹ്, തവ ഖുഫ് തുടങ്ങിയ സേവന കേന്ദ്രങ്ങളിലൂടെയാണ് ഈ ഇളവ് നടപ്പാക്കുക. കമ്പനിയിലെ ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലവാരവും അനുസരിച്ച് തരംതിരിച്ചാണ്, ഫീസില്‍ ഇളവ് ഉറപ്പാക്കുന്നത്. ഇതോടെ, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ കമ്പനിയില്‍, ഇനി സ്വദേശിയെ നിയമിച്ചാല്‍, വര്‍ക്ക്‌പെര്‍മിറ്റ് സൗജന്യമായി ലഭിക്കും. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കമാണിത്. ഒപ്പം, നിക്ഷേപകര്‍ക്ക് റിക്രൂട്ടിങ് ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇതിനിടെ, വര്‍ക് പെര്‍മിറ്റ് ഫീസ് , 200 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമാക്കി കുറച്ചു. ഇതുവഴി കൂടുതല്‍ തൊഴിലാളികളുള്ള കമ്പനി ഉടമകള്‍ക്ക് വലിയ ആശ്വാസമാകും. 20 വയസിന് താഴെ, പ്രായമുള്ളവരുടെ തൊഴില്‍ അനുമതിക്കും പാര്‍ട്ട് ടൈം തൊഴില്‍ അനുമതിക്കും ഉള്ള ഫീസ് 50% കുറച്ചു. ഇപ്രകാരം വെല്ലുവിളി നിറഞ്ഞ തൊഴില്‍ മേഖലയില്‍, മികച്ച നിക്ഷേപ സൗഹൃദം ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍.