കൊവിഡ് : യുഎഇയില്‍ താമസക്കാര്‍ക്ക് മൂന്ന് മാസത്തെ വാടക സൗജന്യമാക്കി റിയല്‍ എസ്റ്റേറ്റ് കമ്പനി : മലയാളി താമസക്കാര്‍ക്കും ആശ്വാസകരം

Jaihind News Bureau
Tuesday, April 14, 2020

ദുബായ് : കൊവിഡ് കാലത്ത് ആശങ്കയിലെ വാടകക്കാര്‍ക്ക് ആശ്വാസകരമായ സന്തോഷ വാര്‍ത്ത യുഎഇയില്‍ നിന്ന് വന്നു. ദുബായിലെയും ഷാര്‍ജയിലെയും കെട്ടിടങ്ങളിലെ വാടകക്കാര്‍ക്ക് ആശ്വാസമായി,  റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്, താമസക്കാര്‍ക്ക് മൂന്ന് മാസത്തെ വാടകയില്‍ ഇളവ് പ്രഖ്യാപിച്ചത്. ഗ്രൂപ്പിന് കീഴിലെ പത്തിലധികം കെട്ടിടങ്ങളിലെ 600 ലധികം വാടകക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

യുഎഇയിലെ ആദ്യകാല ബേക്കറികളില്‍ ഒന്നായ ഗോള്‍ഡന്‍ ലോഫ് ബേക്കറി ഗ്രൂപ്പിന് കീഴിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ , അല്‍ ഹുസ്ന്‍ പ്രോപ്പര്‍ട്ടീസാണ് ഈ ആശ്വാസ പ്രഖ്യാപനം നടത്തിയത്. ഫ്‌ളാറ്റുകള്‍, വാണിജ്യ ഓഫീസുകള്‍, ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ തുടങ്ങിയവയാണ് ഈ സംരംഭത്തിന് കീഴിലുള്ളത്. യുഎഇ സ്വദേശിയായ മുഹമ്മദ് സയ്യിദ് അല്‍ ഹുസൈനിയാണ് കമ്പനിയുടെ ചെയര്‍മാന്‍. കൂടാതെ, വാടക നല്‍കാന്‍ ബുദ്ധിമുട്ടുന്ന താമസക്കാരെ , ഒഴിപ്പിക്കേണ്ടതില്ലെന്നും കമ്പനി അധികൃതര്‍ തീരുമാനിച്ചു. ഇപ്രകാരം, മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരും താമസിക്കുന്നുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പ്രതിനിധിയും മലയാളിയുമായ മുഹമ്മദ് മുബ്ഷര്‍, ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സമൂഹത്തെ പിന്തുണയ്ക്കാനും സാമ്പത്തികഭാരം കുറയ്ക്കാനുമുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതര്‍ പറഞ്ഞു. ഇത് മറ്റു റിയല്‍ എസ്റ്റേറ്റ് കമ്പനികളും മാതൃകയാക്കണമെന്ന് താമസക്കാര്‍ പ്രതികരിച്ചു. ദുബായില്‍ മറീനയിലും, ഷാര്‍ജയില്‍ കിംങ് ഫൈസല്‍ സ്ട്രീറ്റ്, അബുഷെഗാര, അല്‍ വഹ്ദ എന്നിവടിങ്ങളില്‍ ഗ്രൂപ്പിന് കെട്ടിടങ്ങളുണ്ട്.