ദുബായ് : ലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ദുബായ് വേള്‍ഡ് എക്‌സ്‌പോ 2020-യുടെ പുതിയ തിയതി, 2021
ഒക്ടോബര്‍ ഒന്നിന് ആകുമെന്ന് സൂചന. ഇതുസംബന്ധിച്ച പുതുക്കിയ തിയതിയ്ക്ക് യുഎഇ ശുപാര്‍ശ നല്‍കി.
യുഎഇയുടെ ഉന്നത സമിതി, ബ്യൂറോ ഇന്റര്‍നാഷ്ണല്‍ എക്‌സ്‌പോസിഷനാണ് ( ബി ഐ ഇ ) കത്ത് നല്‍കിയത്. ഇതനുസരിച്ച്, ഏപ്രില്‍ 21 ന് പാരീസില്‍ ചേരുന്ന ബി ഐ ഇയുടെ യോഗത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനങ്ങള്‍ വന്നേക്കാം. നേരത്തെ, കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ എക്‌സ്‌പോ 2020 തിയതി മാറ്റിവെയ്ക്കാന്‍ യുഎഇ സംഘാടകര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
വേള്‍ഡ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍, പ്രധാന പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ചാണ് 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ മേള നടത്താന്‍ യുഎഇ നിര്‍ദ്ദേശിച്ചത്. അതേസമയം, അന്തിമ തീരുമാനം എടുക്കാന്‍ ബി ഐ ഇയുടെ അംഗ രാജ്യങ്ങളില്‍ നിന്നും, മൂന്നില്‍ രണ്ട് ഭൂരിപക്ഷ വോട്ടുകള്‍ക്ക് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. എങ്കിലും, യുഎഇയുടെ തിയതി മാറ്റാനുള്ള കത്ത് അതീവ ഗൗരവത്തോടെ എക്‌സ്‌പോ സംഘാടകര്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 മാര്‍ച്ച് 30 ന് നടന്ന എക്‌സ്‌പോ 2020 ദുബായ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിലാണ് 2021 ലേ്ക്ക് തിയതി മാറ്റാനുള്ള ശുപാര്‍ശ വന്നത്.