
ദുബായ് : യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് നാളെ ( ജനുവരി 19 ) ഇന്ത്യ സന്ദര്‍ശിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷമുള്ള മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ അഞ്ചാമത്തെ ഇന്ത്യാ സന്ദര്‍ശനവുമാണിത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കുക എന്ന ലക്ഷ്യത്തിലാണ് സന്ദര്‍ശനം. ഇരു രാജ്യങ്ങള്‍ തമ്മിലെ രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കാനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍, ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തും. ഇപ്രകാരം, മികച്ച വ്യാപാര, നിക്ഷേപ പങ്കാളിത്തതിന് പുറമേ, ഇന്ത്യയും യുഎഇയും തമ്മിലെ ഊര്‍ജ്ജ പങ്കാളിത്തവും സജീവമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം. കൂടാതെ, പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും സന്ദര്‍ശനം സഹായകരമാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് , 2024 സെപ്റ്റംബറില്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. 2025 ഏപ്രിലില്‍ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമും സന്ദര്‍ശനം സന്ദര്‍ശനം നടത്തി. ഇപ്രകാരം, ഇത്തരം സമീപകാല സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കിടെയിലെ ബന്ധം ഊഷ്മളമാക്കിയിരുന്നു.
