ജീവനക്കാര്‍ക്ക് അപകടമോ രോഗമോ വന്നാല്‍ ഉത്തരവാദിത്വം കമ്പനി ഉടമയ്ക്ക് : ഉത്തരവിറക്കി യുഎഇ ; രോഗം ബാധിച്ചാല്‍ മറച്ചുവയ്ക്കരുതെന്നും നിര്‍ദേശം

B.S. Shiju
Saturday, October 10, 2020

ദുബായ് : യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് അപകടം ഉണ്ടാകുകയോ രോഗം ബാധിക്കുകയോ ചെയ്താല്‍ തൊഴിലുടമ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം. ഇപ്രകാരം, ചികിത്സാ ചെലവുകള്‍ സ്‌പോണ്‍സര്‍ വഹിക്കണം. ശസ്ത്രക്രിയയുടെ ഉള്‍പ്പെടെ സാമ്പത്തിക ചെലവ് ഇതില്‍ ഉള്‍പ്പെടും. വെന്‍റിലേറ്റര്‍ സഹായം ആവശ്യമെങ്കില്‍ അതും കമ്പനി ഉറപ്പുവരുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.

അപകട മരണങ്ങള്‍, തീപിടിത്തം, സ്‌ഫോടനങ്ങള്‍ എന്നിവ അടിയന്തര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യണം.  അപകടത്തില്‍ തൊഴിലാളിക്ക് പരുക്കുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയില്‍ വരും. അതേസമയം, തൊഴിലിടങ്ങളിലെ അപകടങ്ങള്‍ 24 മണിക്കൂറിനകം അധികൃതരെ അറിയിക്കണം.

ജീവനക്കാര്‍ക്ക് രോഗം ബാധിച്ചാലും മറച്ചുവയ്ക്കരുത്. മരണ കാരണമാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകണം. ഫെഡറല്‍ തൊഴില്‍ നിയമപ്രകാരം അപകട വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് ഗുരുതര വീഴ്ചയാണ്. ഇതിന് 10,000 ദിര്‍ഹമാണു പിഴ. സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.