ഇസ്രായേലിനെ ബഹിഷ്‌കരിക്കാനുള്ള നിയമം യുഎഇ പിന്‍വലിച്ചു : നിര്‍ത്തലാക്കിയത് 48 വര്‍ഷം പഴക്കമുള്ള ഫെഡറല്‍ നിയമം ; ഇനി തുറക്കുക പുതിയ ‘വ്യാപാര കവാടം

ദുബായ് : ഇസ്രായേല്‍ ബഹിഷ്‌കരണ ഫെഡറല്‍ നിയമം നിര്‍ത്തലാക്കാന്‍ യുഎഇ ഉത്തരവിറക്കി. യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, ഇരുരാജ്യങ്ങളിലെ വ്യക്തികള്‍, കമ്പനികള്‍ എന്നിവയ്ക്ക് ഇനി പരസ്പരം കരാറുകളില്‍ ഏര്‍പ്പെടാം. ഇസ്രയേലുമായുള്ള സമാധാന കരാര്‍, കഴിഞ്ഞദിവസം യുഎഇ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍.

രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം

ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് 1972 ലെ, 15 ഫെഡറല്‍ നിയമം ആണ് ഓഗസ്റ്റ് 29 ന് പിന്‍വലിച്ചത്. ഇതോടെ, 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, ഇസ്രയേലുമായി നയതന്ത്രവും വാണിജ്യപരവുമായ സഹകരണം വ്യാപിപ്പിക്കും. അമേരിക്ക-യുഎഇ നേതൃത്വത്തിലുള്ള അറബ് സമാധാനശ്രമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന ഉത്തരവ്. രണ്ടു രാജ്യങ്ങള്‍ തമ്മിലെ വ്യാപാരം വര്‍ദ്ധിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റ് വിപണിയെ ഇത് സജീവമാക്കുകും ചെയ്യും. സംയുക്ത സഹകരണം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഒരു റോഡ് മാപ്പ് തയ്യാറാക്കും.

ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക്

കരാര്‍ വഴി രണ്ടു രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും സാങ്കേതിക കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഉഭയകക്ഷി ബന്ധം വഴിതുറക്കും. ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്, യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എളുപ്പകരമല്ലായിരുന്നു. ഇനി പുതിയ ഉത്തരവ് അടിസ്ഥാനമാക്കി, എല്ലാതരം ഇസ്രായേല്‍ ചരക്ക് ഉല്‍പ്പന്നങ്ങളും യുഎഇയിലേക്ക് പ്രവേശിക്കാനും കൈമാറ്റം ചെയ്യാനും കൈവശംവെയ്ക്കാനും  വ്യാപാരം നടത്താനും സാധ്യമാകും.

വ്യാപാര-റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ഉണര്‍വ്

യുഎഇ-ഇസ്രായേല്‍ ഉടമ്പടി വ്യാപാരം വര്‍ദ്ധിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റ് വിപണിയെ കൂടുതല്‍ സജീവമാക്കുകയും  ചെയ്യും. ഇതുവഴി ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയാണ് കൂടുതല്‍ നേട്ടമുണ്ടാക്കുക. യുഎഇയും ഇസ്രായേലും തമ്മിലുള്ള സമാധാന ഉടമ്പടി പ്രധാന സാമ്പത്തിക മേഖലകള്‍ക്ക് ഗുണം ചെയ്യുന്നതും, ഗള്‍ഫ് മേഖലയ്ക്ക് പുരോഗമനം കൈവരിക്കുന്നതുമാണ്. ഇതോടെ, വികസനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുമെന്ന് വ്യവസായ വിദഗ്ധരും അഭിപ്രായപ്പെട്ടു. വ്യോമയാന, ടൂറിസം, വ്യാപാരം, ധനകാര്യം, ആരോഗ്യം, ഊര്‍ജ്ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ഈ ആഴ്ച ചര്‍ച്ച നടത്തുമെന്നും അറിയുന്നു. ഇതോടെ, ഇസ്രായേല്‍ നിക്ഷേപകരില്‍ നിന്ന് വന്‍ നിക്ഷേപം ആകര്‍ഷിക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറുകയാണ്.

Comments (0)
Add Comment