
ഗാസയിലെ പ്രശ്ന പരിഹാരങ്ങള്‍ക്കുള്ള, ‘സമാധാന ബോര്‍ഡില്‍’ അണിചേരാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം, യുഎഇ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ക്ഷണം സ്വീകരിച്ചത്. ഇതോടെ, യുഎഇയുടെ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമിയെ, ഗാസ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായി നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം യുഎഇ നടത്തി. ‘സമാധാന ബോര്‍ഡില്‍’ ചേരാനുള്ള അമേരിക്കയുടെ ക്ഷണം സ്വീകരിച്ചതായി, യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗാസയ്ക്കായുള്ള 20-ഇന സമാധാന പദ്ധതി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. പലസ്തീനികളുടെ നിയമാനുസൃത അവകാശങ്ങള്‍ സാക്ഷാത്കരിക്കാന്‍ സമാധാന പദ്ധതി നിര്‍ണായകമാണെന്നും യുഎഇ ആവര്‍ത്തിച്ചു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്ന 20-ഇന പദ്ധതികളുടെ, രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ബോര്‍ഡ് ഓഫ് പീസ് എന്ന സമാധാന ബോര്‍ഡ് രൂപീകരിച്ചത്. ട്രംപാണ് ബോര്‍ഡിന്റെ അധ്യക്ഷന്‍.