തറാവീഹ് പ്രാര്‍ത്ഥന നിയന്ത്രണങ്ങളോടെ : പള്ളികളില്‍ 30 മിനിറ്റ് മാത്രം ; ഇഫ്താര്‍ വിരുന്ന് പാടില്ല ; യുഎഇയില്‍ റമസാനിലെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങിനെ

B.S. Shiju
Wednesday, March 17, 2021

 

ദുബായ് : റമസാന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ യുഎഇയില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണ പട്ടിക പ്രഖ്യാപിച്ചു. വിശുദ്ധ മാസത്തിലെ തറാവീഹ് പ്രാര്‍ത്ഥനകള്‍ നിയന്ത്രണങ്ങളോടെ നടക്കും. എന്നാല്‍, പള്ളികളില്‍ പ്രാര്‍ത്ഥനയുടെ പരമാവധി സമയം മുപ്പത് മിനിറ്റായി കുറച്ചു.

കൊവിഡ് വൈറസ് പടരുന്നതിലേക്ക് നയിച്ചേക്കാവുന്ന ഒത്തുചേരലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച്, ഇത്തവണയും ഇഫ്താര്‍ സമ്മേളനങ്ങള്‍ ഒഴിവാക്കും. ഇതിന്റെ ഭാഗമായി റമസാന്‍ കൂടാരങ്ങള്‍ നിരോധിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സുപ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ :

>> ഇഫ്താര്‍ സമയത്ത് കുടുംബ, കൂട്ടുകാര്‍ ഒത്തുചേരലുകള്‍ ഒഴിവാക്കണം.

>> വീടുകളും കുടുംബങ്ങളും തമ്മില്‍ ഭക്ഷണം വിതരണം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും ഒഴിവാക്കണം.

>> ഒരേ വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമേ ഭക്ഷണം പങ്കിടാന്‍ പാടുള്ളൂ.

>> ഇഫ്താര്‍ കൂടാരങ്ങള്‍ – കുടുംബമായാലും സ്ഥാപനമായാലും നിരോധിച്ചു

>> പള്ളികള്‍ക്കുള്ളില്‍ ഇഫ്താര്‍ ഭക്ഷണം അനുവദിക്കില്ല.

>> റസ്റ്റോറന്റുകള്‍ അവരുടെ പരിസരത്തിനകത്തോ, മുന്നിലോ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യുന്നത് നിരോധിച്ചു.

>> ഇഫ്താര്‍ ഭക്ഷണ വിതരണം തൊഴില്‍ ഭവന സമുച്ചയങ്ങളില്‍ പരിമിതപ്പെടുത്തി. കര്‍ശനമായ സാമൂഹിക അകലം ഉറപ്പാക്കണം.

ആഗോളവും പ്രാദേശികവുമായ ആരോഗ്യസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് ഇവ പ്രഖ്യാപിച്ചത്. വിശുദ്ധ മാസത്തില്‍ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടത്തുമെന്നും എല്ലാ നിയമലംഘകര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.