ഡോ.ഷംസീര്‍ വയലിന് യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് വീസ; വീസ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി

Jaihind News Bureau
Monday, June 10, 2019

ദുബായ് : യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംസീര്‍ വയലിന് ലഭിച്ചു. ഇപ്രകാരം , യുഎഇയില്‍ താമസിക്കാനുള്ള ആജീവനാന്ത വീസ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യവസായി കൂടിയായി ഇതോടെ ഡോ. ഷംഷീര്‍ മാറി.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് , അദ്ദേഹത്തിനു ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട് നല്‍കിയത്. ഗോള്‍ഡ് കാര്‍ഡ് വീസ ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്നും ഇതില്‍ വലിയ സന്തോഷമുണ്ടെന്നും ഡോ.ഷംഷീര്‍ വയലില്‍ ജയ്ഹിന്ദ് ടി വിയോട് പറഞ്ഞു. യുഎഇയില്‍ 100 ബില്യണില്‍ അധികം നിക്ഷേപം നടത്തിയവര്‍ക്കാണ് യുഎഇ ഗവര്‍മെന്റ് ഗോള്‍ഡ് കാര്‍ഡ് വീസ അനുവദിക്കുന്നത്. യുഎഇയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്. യുഎഇ സര്‍ക്കാറും ഭരണാധികാരികളും, നിക്ഷേപകരോട് കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഷംഷീര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് കൂടിയായ ഈ യുവ വ്യവസായി, കേരള സര്‍ക്കാരിന്റെ എന്‍ ആര്‍ ഐ കമ്മീഷന്റെ ഡയറക്ടര്‍ ബോര്‍ഡിലെ മുതിര്‍ന്ന അംഗം കൂടിയാണ്.