യുഎഇയില്‍ ഇനി അനുമതി ഇല്ലാതെ സാധന വില വര്‍ധിപ്പിച്ചാല്‍ നടപടി ; വില വര്‍ധനയ്ക്ക് മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന് സാമ്പത്തിക മന്ത്രാലയം l VIDEO

Elvis Chummar
Thursday, April 14, 2022

 

ദുബായ് : യുഎഇയില്‍ ഭക്ഷ്യസാധനങ്ങളുടെ വില, ഇനി മുന്‍കൂര്‍ അനുമതി ഇല്ലാതെ വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് ഉത്തരവ്. അതേസമയം, വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങളും വിതരണക്കാരും, ഇതുസംബന്ധിച്ച രേഖകള്‍ മുന്‍കൂറായി ഹാജരാക്കണം. അല്ലാത്തപക്ഷം, ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

https://www.facebook.com/plugins/video.php?height=298&href=https%3A%2F%2Fwww.facebook.com%2Fjaihindtvmiddleeast%2Fvideos%2F398019918493416%2F&show_text=false&width=560&t=0

യുഎഇയില്‍ ഇനി തോന്നിയ പോലെ വില വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന കര്‍ശന മുന്നറിയിപ്പാണിത്. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില , അന്യായമായി വര്‍ധിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തിലാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്. ഇതിനായി വ്യാപാര സ്ഥാപനങ്ങള്‍ക്കും വിതരണക്കാര്‍ക്കും മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചു. ഇപ്രകാരം, ഇനി മുന്‍കൂര്‍ അനുമതി ഇല്ലാതെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല. വില വര്‍ധിപ്പിക്കുന്ന സ്ഥാപനങ്ങളും വിതരണക്കാരും, ഇതുസംബന്ധിച്ച രേഖകള്‍ മുന്‍കൂറായി ഹാജരാക്കണം. എന്തു കൊണ്ട് വില വര്‍ധിപ്പിക്കേണ്ടി വരുന്നു എന്ന ന്യായീകരണം ഇതില്‍ വ്യക്തമാക്കണം. അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് സാമ്പത്തിക മന്ത്രാലയം നിര്‍ദേശിച്ചു.

പാല്‍, പഞ്ചസാര, കോഴിയിറച്ചി, ബ്രെഡ്, കുടിവെള്ളം, പാചക എണ്ണ തുടങ്ങി 11,000-ത്തിലധികം ഉല്‍പ്പന്നങ്ങളുടെ, വില വര്‍ധിപ്പിക്കാന്‍ വിതരണക്കാര്‍ തെളിവ് സമര്‍പ്പിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. പലരും ഇറക്കുമതിയുടെ പേരും പറഞ്ഞ് അന്യായമായി വില വര്‍ധിപ്പിക്കുയാണെന്ന പരാതി, വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നടപടി. ഇതിനായി ചില സ്ഥാപനങ്ങളെ അധികൃതര്‍ നിരീക്ഷിച്ച് വരുകയാണ്. ഒപ്പം, മറ്റു രാജ്യങ്ങളിലെ വിലയും നിരീക്ഷിച്ച് വരുന്നു. ഇപ്രകാരം, നിയമം ഘംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധനയും ശക്തമാക്കിയാണ് പുതിയ നീക്കം.