സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷ്ട്രീയ ഗ്രാഫ് ഇടിഞ്ഞു ; യുഎഇ ഇംഗ്‌ളീഷ് ദിനപത്രം

Jaihind News Bureau
Thursday, July 9, 2020

ദുബായ്  : വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷ്ട്രീയ ഗ്രാഫ് ഇടിഞ്ഞുവെന്ന് ദുബായ് കേന്ദ്രമായ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ‘ഗള്‍ഫ് ന്യൂസിന്‍റെ’ റിപ്പോര്‍ട്ട്. കൊവിഡ് കാലഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ മൂലം നേടിയ നേട്ടങ്ങള്‍ സ്വര്‍ണക്കടത്ത് വിവാദത്തിലൂടെ ഇടിഞ്ഞുവെന്നും വാര്‍ത്തയുടെ തലക്കെട്ടായി പറയുന്നു. ഇത് 2021 വര്‍ഷത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിരോധമാകുമെന്നും വാര്‍ത്ത ചൂണ്ടിക്കാട്ടി.

വിവാദം കേരളത്തെ നടുക്കിയെന്ന് ‘ഗള്‍ഫ് ന്യൂസ്’ 

കേരള മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ കുറച്ച് മാസങ്ങളായി, എല്ലാ ദിവസും വൈകുന്നേരങ്ങളില്‍, മലയാള ടെലിവിഷന്‍ ചാനലുകളിലൂടെ പ്രൈം ടൈമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തിലെ അതാത് ദിവസത്തെ കൊറോണ വൈറസ് സ്ഥിതി വിവരക്കണക്കുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതുവഴി, എല്‍ ഡി എഫ് സര്‍ക്കാരിന്  ഭരണത്തുടര്‍ച്ച വരെ ഉണ്ടാകുമെന്ന് രീതിയിലുള്ള പ്രചരണവും വ്യാപകമായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോസ്ഥന മാറ്റിയതും തുടര്‍ന്നുള്ള ഞെട്ടിക്കുന്ന സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ വിവാദങ്ങളും കേരളത്തെ നടുക്കിയെന്നും ഗള്‍ഫ് ന്യൂസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ മദ്യ വിതരണത്തിനായി ആരംഭിച്ച ആപ്പ്, സ്പ്രിങ്കളര്‍ ആരോപണങ്ങളും വലിയ വിവാദമായെന്നും ഗള്‍ഫിലെ പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രം കൂടിയായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.