തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ യുഎഇ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു

JAIHIND TV DUBAI BUREAU
Monday, February 20, 2023

 

ദുബായ്: തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായി യുഎഇ പ്രഖ്യാപിച്ചു. ഇതോടെ തുര്‍ക്കിയിലെ തുടര്‍ച്ചയായ 14 ദിവസത്തെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം യുഎഇ ടീം തിങ്കളാഴ്ച രാജ്യത്തേക്ക് പുറപ്പെടും.

തുര്‍ക്കിയിലെ ‘ഗാലന്‍റ് നൈറ്റ് / 2’ ഓപ്പറേഷന്‍റെ ഭാഗമായി തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയതായി യുഎഇ പ്രതിരോധ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അറിയിച്ചു. അതേസമയം തുര്‍ക്കിയുടെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്‍റ് അതോറിറ്റി കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇ പ്രഖ്യാപനം നടത്തിയത്.