ദുബായ് : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണം അടങ്ങിയ കാര്‍ഗോ ആരാണ് അയച്ചത് ആരെന്ന് കണ്ടെത്തുന്നത് ഉള്‍പ്പടെയുളള വിഷയങ്ങളില്‍ യുഎഇ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഇത് ഒരു വലിയ കുറ്റകൃത്യം മാത്രമായി ഒതുങ്ങുന്നതല്ലെന്നും, ഇന്ത്യയിലെ യുഎഇ മിഷന്റെ സല്‍പ്പേരിന് കളങ്കം വരുത്താനാണ് ഈ ശ്രമം എന്നും ഡല്‍ഹിയിലെ യുഎഇ എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ, കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് രാജ്യാന്തര തലത്തിലേക്ക് കൂടുതല്‍ ശ്രദ്ധ നേടുകയാണ്.
സംഭവത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടുമെന്നും യുഎഇ എംബസി പറഞ്ഞു. അതേസമയം, കുറ്റകൃത്യത്തിന്‍റെ യഥാര്‍ഥ വേരുകള്‍ കണ്ടെത്തുന്നതിന് ഇന്ത്യന്‍ അധികാരികളുമായി സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇന്ത്യയിലെ യുഎഇ എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.