‘എത്ര തവണ വിളിച്ചാലും മന്ത്രി ഫോണെടുക്കില്ല, വ്യക്തിപരമായ കാര്യത്തിനല്ല വിളിക്കുന്നത്’; വിമർശനവുമായി യു പ്രതിഭ എംഎല്‍എ

Jaihind Webdesk
Tuesday, September 14, 2021

 

ആലപ്പുഴ : മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ പരാതിയുമായി കായംകുളം എംഎല്‍എ യു പ്രതിഭ. എത്ര തവണ വിളിച്ചാലും അടുപ്പമുള്ള ഒരു മന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചുവിളിക്കാനുള്ള മര്യാദ പോലും കാണിക്കാറില്ലെന്നും യു പ്രതിഭ കുറ്റപ്പെടുത്തി. മന്ത്രി വി ശിവന്‍കുട്ടിയും എഎം ആരിഫ് എംപിയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സ്വന്തം പാർട്ടിയിലെ തന്നെ എംഎല്‍എയുടെ ‘പരാതി’.

‘എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം’ – യു പ്രതിഭ പറഞ്ഞു.

തിരക്ക് ഉണ്ടാകുമെന്ന് കരുതി നൂറുവട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നതെന്നും പ്രതിഭ പറഞ്ഞു. പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.