ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയായ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഭാഗത്തുനിന്നാണ് അന്വേഷണസംഘം ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തെ കേസില്‍ അറസ്റ്റിലായിരുന്ന കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ മൊഴിയില്‍ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീതുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.
2025 ജനുവരി 30-നാണ് വീടിനോട് ചേര്‍ന്ന കിണറ്റില്‍ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ പുലര്‍ച്ചെ കാണാതായെന്നായിരുന്നു രക്ഷിതാക്കള്‍ ആദ്യം പൊലീസിന് നല്‍കിയ പരാതി. തുടക്കത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മാവനായ ഹരികുമാറാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റിലായ ഹരികുമാര്‍, താനല്ല കുട്ടിയെ കൊന്നതെന്നും അമ്മ ശ്രീതുവാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ ദുരൂഹത വര്‍ദ്ധിക്കുകയും അന്വേഷണം ശ്രീതുവിലേക്ക് തിരിയുകയും ചെയ്തു. നേരത്തെ, ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള മറ്റ് കേസുകള്‍ക്ക് പൊലീസ് കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ശ്രീതുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.