തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച പേട്ടയിലെ രണ്ട് വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍.
2024 ഫെബ്രുവരി 19-നാണ് സംഭവം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ ബാലികയെ ആറ്റിങ്ങല്‍ സ്വദേശിയായ ഹസന്‍കുട്ടി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി താമസിച്ചിരുന്ന ടെന്റില്‍ നിന്നും പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയി ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ വെച്ചാണ് പീഡനം നടത്തിയത്.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെയും 41 സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. പീഡനത്തിനിരയായ കുട്ടിയുടെ പ്രായവും കേസിന്റെ ഗൗരവവും കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.