M.B RAJESH| ഒരേ വിഷയത്തില്‍ രണ്ട് നിലപാട്: സ്വര്‍ണക്കൊള്ള ചര്‍ച്ചയില്‍ മന്ത്രി രാജേഷിന് ഇരട്ടത്താപ്പ്

Jaihind News Bureau
Tuesday, October 7, 2025

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളില്‍ മലക്കം മറിഞ്ഞ് മന്ത്രി എം.ബി. രാജേഷ. ഒക്ടോബര്‍ 19-ന് പ്രതിപക്ഷം ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍, വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ചട്ടപ്രകാരം സഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് വാദിച്ചത് മന്ത്രി രാജേഷായിരുന്നു. മന്ത്രിയുടെ ഈ നിലപാട് പരിഗണിച്ചാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. എന്നാല്‍, ഇന്നലെ സഭ ചേര്‍ന്ന് പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചപ്പോള്‍ മന്ത്രി രാജേഷിന്റെ നിലപാട് അമ്പരപ്പിക്കുന്നതായിരുന്നു. ‘എന്തുകൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാത്തത്?’ എന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, തങ്ങളുടെ കള്ളങ്ങള്‍ വെളിച്ചത്താകുമെന്ന് ഭയന്നാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതെന്നുമായിരുന്നു പരിഹാസം. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന മുന്‍നിലപാട് മന്ത്രി പൂര്‍ണ്ണമായും മാറ്റിയതാണ് വിവാദമായത്.

പല വിഷയങ്ങളിലും ഇടത് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും ഇരട്ടത്താപ്പ് വ്യക്തമാകുന്ന പ്രസ്താവനകള്‍ നിരവധിയാണ്. സാഹചര്യമനുസരിച്ച് അഭിപ്രായങ്ങള്‍ സൗകര്യപൂര്‍വം തിരുത്തുന്ന ഏര്‍പ്പാട് സിപിഎമ്മിന്റെ കൂടപ്പിറപ്പാണ്. സാധാരണയായി അതില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിക്കാറുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തെയും കടത്തിവെട്ടിയിരുിക്കുകയാണ് മന്ത്രി എം.ബി രാജേഷ്.