മഫ്തിയിലെത്തി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 

മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥികളെ മഫ്തിയിലെത്തി ക്രൂരമായി മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ അബ്ദുൽ അസീസ്, എടവണ്ണ സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ജില്ലാ പോലീസ് മേധാവിയാണ് വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.  എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ അബ്ദുൽ ഖാദർ, മാവൂർ സ്റ്റേഷനിലെ അബ്ദുൽ അസീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മലപ്പുറം കിഴിശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥികളെ മഫ്തിയിൽ എത്തി അബ്ദുൽ ഖാദറും, അബ്ദുൽ അസീസും മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് കിഴിശേരി ബസ് സ്റ്റോപ്പിൽ നിന്നിരുന്ന കുഴിമണ്ണ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥികളെയാണ് ഇരുവരും മർദ്ദിച്ചത്.

ഹൃദ്രോഗിയായ മൊറയൂർ സ്വദേശി മുഹമ്മദ് അൻഷിദിന് പോലീസുകാരുടെ ക്രൂര മർദ്ദനമാണേറ്റത്. പോലീസുകാർക്കെതിരെ നടപടി എടുക്കാത്തതിൽ കുട്ടിയുടെ കുടുംബം എസ്പിക്ക് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരേയും ഇപ്പോൾ സസ്പെന്‍ഡ് ചെയ്തത്.

Comments (0)
Add Comment