ബാറില്‍ തർക്കം, മർദ്ദനം; കോട്ടയത്ത് യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍

Jaihind Webdesk
Monday, August 5, 2024

 

കോട്ടയം: കടുത്തുരുത്തിയിൽ ബാറില്‍ വെച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മര്‍ദ്ദനമേറ്റയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടുത്തുരുത്തി സ്വദേശികളായ നിഖില്‍ സതീഷ്‌കുമാര്‍, സ്റ്റാനി ജോണ്‍ എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സ്റ്റാനി ജോണ്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റന്‍റാണ്.

പെയിന്‍റിംഗ് തൊഴിലാളിയായ പാലകര ചിത്താന്തിയേല്‍ സി.ടി. രാജേഷിനെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിന്‍റെ തലയോട്ടിക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് കടുത്തുരുത്തി സിഐ ടി.എസ്. റെനീഷ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

രണ്ടാം പ്രതി സ്റ്റാനിക്ക് രാജേഷിന്‍റെ ഭാര്യ ഗൂഗിൾ പേ വഴി പണം കൈമാറിയതാണ് തര്‍ക്കത്തിനിടയാക്കിയത്. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി സോഡിയാക് ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് രാജേഷും സ്റ്റാനിയുമായി തർക്കം ഉണ്ടാവുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് രാജേഷിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.