സൗദിയില്‍ രണ്ട് എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക്‌ നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഇറാനെന്ന് ആരോപണം

Jaihind Webdesk
Tuesday, May 14, 2019

സൗദി അറേബ്യയുടെ കിഴക്ക് -പടിഞ്ഞാറന്‍ മേഖലയില്‍ എണ്ണ പമ്പ് സ്‌റ്റേഷനുകള്‍ക്ക് നേരെ ആയുധവേധ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി ആരോപിച്ചു. എന്നാല്‍ എണ്ണ വിതരണത്തെയോ ഉത്പാദനത്തെയോ ഈ ആക്രണം ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു.

സൗദിയുടെ വാണിജ്യ-ഊര്‍ജ്ജ മന്ത്രിയായ ഖാലിദ് ആല്‍ ഫാലിഹ് വാര്‍ത്താക്കുറിപ്പിലൂടെയാണ് ആക്രമണം നടന്നതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ആറിനും 6.30നും മധ്യേ കിഴക്ക് പടിഞ്ഞാറന്‍ മേഖലയിലെ എട്ട്, ഒമ്പത് നമ്പറുകളിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആയുധവേധ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായി. കിഴക്കന്‍ മേഖലയില്‍ നിന്ന് യാന്‍ബു തുറമുഖത്തേക്ക് എണ്ണ കൊണ്ടുപോകുന്ന പൈപ്പുകളാണ് ഈ പ്രദേശത്തുള്ളത്. എട്ടാം നമ്പര്‍ പമ്പ് സ്റ്റേഷനില്‍ തീപിടിത്തമുണ്ടായെങ്കിലും ഉടനെ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സൗദി ആരാംകോ കമ്പനി ഈ പൈപ്പ്‌ലൈനുകളിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയായിട്ടാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് കമ്പനി അധികൃതര്‍ സൗദി വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തി.
ആക്രമണത്തെ സൗദി അപലപിക്കുന്നതായും അല്‍ ഫാലിഹ് അറിയിച്ചു. ഭീകരവാദം സൗദിക്ക് നേരെ മാത്രമല്ല ലോകത്താകാമാനമുള്ള സുരക്ഷിത എണ്ണ കൈമാറ്റ പാതകള്‍ക്ക് നേരെ ല ക്ഷ്യം വെച്ചിരിക്കുകയാണെന്നും സൗദി അറേബ്യ അതിനെ ശക്തമായി അപലപിക്കുകയാണെന്നും അല്‍ ഫാലിഹ് അറിയിച്ചു.