കണ്ണൂർ ജില്ലയില്‍ രണ്ട് പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

Jaihind News Bureau
Saturday, March 28, 2020

കണ്ണൂർ: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ ബാധ. ഇരുവരുമെത്തിയത് ദുബായില്‍ നിന്ന്. ഇതോടെ ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി. നിലവില്‍ കണ്ണൂർജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി വൈറസ് ബാധ സംശയിക്കുന്ന 10,151 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 10,064 പേരാണ് ഐസൊലേഷനിലുള്ളത്. കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ 43 ഉം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 ഉം തലശേരി ജനറല്‍ ആശുപത്രിയില്‍ 25 ഉം പേര്‍ നിരീക്ഷണത്തിലുണ്ട്.

ദുബായില്‍ നിന്നെത്തിയ രണ്ടുപേര്‍ക്ക് കൂടി ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശിവപുരം, മൊകേരി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. മാര്‍ച്ച് 21ന് എമിറേറ്റ്‌സ് എയര്‍വെയ്‌സിന്‍റെ EK 566 വിമാനത്തില്‍ ദുബൈയില്‍ നിന്ന് ബംഗളുരുവിലെത്തിയ ശിവപുരം സ്വദേശി, അവിടെയുള്ള ആകാശ് ഹോസ്പിറ്റലില്‍ വെച്ച് സ്‌ക്രീനിംഗിന് വിധേയനായി പിറ്റേന്ന് പുലര്‍ച്ചെ ബസ് മാര്‍ഗം വീട്ടിലെത്തുകയായിരുന്നു. 24ന് നേരിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി.

മൊകേരി സ്വദേശി മാര്‍ച്ച് 22നാണ് ഇത്തിഹാദ് എയര്‍വെയ്‌സിന്‍റെ  EY 254 വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. രാവിലെ എട്ട് മണിക്ക് ഇവിടെയെത്തിയ അദ്ദേഹം ടാക്‌സി കാറില്‍ വീട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം പനിയെ തുടര്‍ന്ന് പിറ്റേ ദിവസം ആരോഗ്യവകുപ്പിന്റെ ആംബുലന്‍സില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.26 ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും സഞ്ചാരപഥം പുറത്ത് വിട്ടു. SG 54 സ്പൈസ്ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഒരാൾ മട്ടന്നൂരിലെ ഒരു ഹോട്ടലിൽ കയറുകയും തുടർന്ന്  കമ്യുണിറ്റ് ഹെൽത്ത് സെന്‍ററിലെത്തി അതിന് ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായാണ് റൂട്ട് മാപ്പിലുള്ളത്.

രണ്ടാമത്തെ ആൾ എമിറേറ്റ്സിന്‍റെ EK 564 എന്ന വിമാനത്തിൽ ഈ മാസം ഇരുപത്തിരണ്ടിനാണ് ബംഗളൂരിൽ എത്തിയത്. തുടർന്ന് അവിടെയുള്ള ഹോസ്പിറ്റലിൽ പരിശോധന നടത്തി വീണ്ടും വിമാനത്താവളത്തിൽ എത്തിയതായാണ് റൂട്ട് മാപ്പിലുള്ളത്. അതിന് ശേഷം വീണ്ടും എയർപോർട്ടിലെത്തിയ ഇയാൾ മറ്റു പത്ത് പേർക്കൊപ്പം. ട്രാവലറിൽ കേരളത്തിലേക്ക് യാത്ര തിരിച്ചു. 23 ന് പുലർച്ചെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എത്തിയ ഇയാളെ മറ്റു 6 പേർക്ക് ഒപ്പം ആംബുലൻസിൽ തലശേരി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി എന്നാണ് റൂട്ട് മാപ്പിലുള്ളത്.