സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോളറ; രോഗം പടരുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Jaihind Webdesk
Wednesday, July 10, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വ​ദേശികൾക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ നാലു പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ മൂന്ന് പേരും തിരുവനന്തപുരം ജില്ലയിലാണ്. നേരത്തെ കാസറഗോഡും ഒരാള്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ​ദിവസം കോളറ സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിലെ കെയർ ഹോമിൽ തന്നെയാണ് വീണ്ടും രണ്ട് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. ഇവിടെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പേർ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിൽ രണ്ട് പേരുടെ ഫലത്തിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടത്തെ അന്തേവാസിയായ അനു (26) മരിച്ചിരുന്നു. കോളറയ്ക്ക് സമാനലക്ഷണങ്ങളായിരുന്നു അനുവിനും. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ ചികിത്സാഫലം പുറത്തുവരുമെന്നാണ് ആരോ​ഗ്യവകുപ്പ് നൽകുന്ന വിവരം.

ആറു മാസത്തിനിടെ ഒമ്പതുപേർക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. നിലവിൽ 14 പേർ വയറിളക്കരോഗവുമായി മെഡിക്കൽ കോളേജിൽ ഉൾപ്പെടെ ചികിത്സയിലാണ്. ഏഴു വർഷംമുമ്പ് 2017-ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണമുണ്ടായത്. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.

രോഗലക്ഷണങ്ങള്‍:

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.

രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതല്‍ ഒആര്‍എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

എങ്ങനെ പ്രതിരോധിക്കാം?

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഭക്ഷണവും വെള്ളവും തുറന്നുവെക്കരുത്.

ഭക്ഷ്യവസ്തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക.

പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക.

വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിക്കുക, ഒആര്‍എസ് പാനീയം ഏറെ നല്ലത്.

എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക.