മലപ്പുറത്ത് രണ്ടു ലക്ഷം വോട്ടുകള്‍, പൊന്നാനിയില്‍ ഒരു ലക്ഷം; ഭൂരിപക്ഷം കണക്കുകൂട്ടി മുസ്‌ലിം ലീഗ്

 

മലപ്പുറം: പൊന്നാനിയിൽ ഒരു ലക്ഷം വോട്ടിന്‍റെയും മലപ്പുറത്ത് രണ്ട് ലക്ഷം വോട്ടിന്‍റെയും ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലുണ്ടായത്.

സമസ്ത പ്രശ്നം പോളിംഗിനെ ബാധിച്ചിട്ടില്ല. ഭൂരിപക്ഷത്തെ കുറിച്ച് പ്രാഥമികമായ വിലയിരുത്തൽ മാത്രമാണ് ഇന്നത്തെ യോഗത്തിൽ നടന്നതെന്നും ഫലപ്രഖ്യാപനത്തിന് ശേഷം ഞെട്ടിക്കുന്ന ഭൂരിപക്ഷമായിരിക്കും സംഭവിക്കുകയെന്നും യോഗത്തിനു ശേഷം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് മാസ്റ്റർ പറഞ്ഞു.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞത് യുഡിഎഫിനെ ബാധിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ പോളിംഗ് കുറഞ്ഞ ബൂത്തുകൾ പരിശോധിച്ചാൽ അത് ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള ബൂത്തുകളാണെന്ന് വ്യക്തമാകും. സമീപകാലത്ത് അഭിമുഖീകരിച്ച തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. രാവിലെ മുതൽ തന്നെ മണിക്കൂറുകളോളം വരി നിന്നാണ് പലർക്കും വോട്ട് ചെയ്യാനായത്. തീരദേശ മേഖലയിൽ പോലും പോളിംഗ് രാത്രി വരെ നീണ്ടു.

Comments (0)
Add Comment