കോട്ടയം മോനിപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Tuesday, February 22, 2022

 

കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു  അപകടമുണ്ടായത്. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു അടൂർ സ്വദേശികളായ മനോജും കുട്ടനും. കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഷാപ്പിന് സമീപത്തുവെച്ച് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.