തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം, 27 പേർക്ക് പരിക്ക് ; വെടിക്കെട്ട് ഉപേക്ഷിച്ചു, പകല്‍ പൂരം നടത്തും

Jaihind Webdesk
Saturday, April 24, 2021

തൃശൂർ പൂരത്തിനിടെ ആൽമരത്തിന്‍റെ കൊമ്പ് കടപുഴകി വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേഷ്, പൂരം എക്സിബിഷൻ കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി രാധാകൃഷ്ണ മേനോൻ എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കുണ്ട്. രാത്രി പൂരത്തിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്‍റെ സമയത്തായിരുന്നു അപകടം. അപകടമുണ്ടായ പശ്ചാത്തലത്തിൽ ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിന്മാറി. അതേസമയം വെടിക്കെട്ടിന് വേണ്ടി ഇന്നലെ വൈകുന്നേരത്തോടെ കരി മരുന്നുകൾ നിറച്ചു കഴിഞ്ഞതിനാൽ അവ പൊട്ടിച്ച് നിർവീര്യമാക്കി.

രാത്രി തിരുവമ്പാടിയുടെ എഴുന്നള്ളത്തിന് മുന്നോടിയായി ബ്രഹ്മസ്വം മഠത്തിന് മുന്നിൽ പഞ്ചവാദ്യം നടക്കുന്നതിനിടെയാണ് സംഭവം. പകൽ പൂരത്തിന്‍റെ ആവർത്തനമായി രാത്രിയും മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കാറുണ്ട്. കൂറ്റൻ ആൽമരച്ചുവട്ടിൽ മേളം കൊട്ടുന്നതിനിടെ കൊമ്പ് അടർന്നു വീഴുകയായിരുന്നു. പ്രത്യേകിച്ച് കാറ്റോ മഴയോ ഒന്നും ഉണ്ടായിരുന്നില്ല. വർഷങ്ങളുടെ പഴക്കമുള്ള ആൽ മരത്തിന്‍റെ കൊമ്പ് വാദ്യക്കാർക്കിടയിലാണ് പതിച്ചത്. ദേശക്കാർ അടക്കം നാൽപ്പതിന് അടുത്ത് ആളുകൾ അവിടെയുണ്ടായിരുന്നു.

വാദ്യം മുറുകി നിൽക്കുന്ന സമയമായതിനാൽ കൊമ്പ് അടർന്നു വീഴുന്ന ശബ്ദം കേൾക്കാനായില്ല. ഓടി മാറാൻ കഴിയും മുൻപ് പലരും മരത്തിനടിയിൽ പെട്ടു. മേളപ്രമാണി കോങ്ങാട് മധു അടക്കം വാദ്യക്കാർ എല്ലാം മരച്ചില്ലകൾക്ക് അടിയിലായി. അദ്ദേഹത്തിന് കാര്യമായ പരിക്കില്ല. എഴുന്നള്ളിപ്പിനായി കൊണ്ടു വന്ന അർജുനൻ എന്ന ആന ഓടി മാറി. വിവരമറിഞ്ഞ് പാഞ്ഞെത്തിയ ഫയർഫോഴ്സ് മരചില്ലകൾ മുറിച്ചുമാറ്റിയാണ് പലരേയും പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റവരെ പിന്നീട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി. തിരുവമ്പാടി ദേശക്കാരെ പൂർണമായും മൈതാനത്ത് നീക്കിയ ശേഷമാണ് പാറമേക്കാവ് വിഭാഗത്തിന്‍റെ വെടിക്കെട്ടിന് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അതേസമയം 15 ആനപ്പുറത്ത് പാറമേക്കാവും ഒരാനപ്പുറത്ത് തിരുവമ്പാടിയും പകല്‍ പൂരം നടത്താനാണ് തീരുമാനം. പരിക്കേറ്റവരിൽ തിമില കലാകാരന്മാരായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കോട്ടയ്ക്കൽ രവി, മദ്ദളം കലാകാരൻ വരദരാജൻ എന്നിവരുമുണ്ട്.