ബംഗലൂരുവില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; 8 പേര്‍ക്ക് പരിക്ക്

Jaihind Webdesk
Friday, April 5, 2019

ബംഗലൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി രാഹുല്‍കുമാര്‍, ബീഹാര്‍ സ്വദേശി രാകേഷ് എന്നിവരാണ് മരിച്ചത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ തൊഴിലാളികളാണ് മരിച്ച രണ്ടു പേരും. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ എട്ടോളം പേരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യശ്വന്ത്പൂര്‍ മേഖലയില്‍ നിര്‍മാണത്തിലിരുന്ന ബഹുനില കാര്‍ പാര്‍ക്കിംഗ് സമുച്ചയമാണ് തകര്‍ന്ന് വീണത്. നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. 70 തൊഴിലാളികളാണ് കെട്ടിടത്തില്‍ പണിചെയ്യുന്നതെന്നും ഇതില്‍ 12 പേര്‍ കെട്ടിടത്തില്‍ തന്നെയാണ് താമസമെന്നും അധികൃതര്‍ വ്യക്തമാക്കി. പുലര്‍ച്ചെ 4.40 ഓടെയായിരുന്നു അപകടമെന്നും ഈ സമയം തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇതില്‍ രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അനധികൃത നിര്‍മ്മാണമാണ് നടന്നതെന്നും ലൈസന്‍സ് ഇല്ലാത്തതിന് ജനുവരിയില്‍ കെട്ടിട ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും തൊഴില്‍ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ അറിയിച്ചു. അഞ്ചിലേറെ തവണ നോട്ടീസ് നല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യുന്നതിനായി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി