‘രണ്ട് തരം ഇന്ത്യ; ഒരു വിഭാഗം യോഗ ചെയ്ത് വീടിനുള്ളില്‍, മറ്റൊരു വിഭാഗം വീടെത്താനുള്ള പെടാപ്പാടിലും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലും’: കപില്‍ സിബല്‍

Jaihind News Bureau
Wednesday, April 1, 2020

ലോക്ക്ഡൌണിനെ തുടർന്ന് ഇന്ത്യയിലെ നിലവിലെ സ്ഥിതിഗതികളില്‍ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ കേന്ദ്രസർക്കാറിന്‍റെ നിസംഗത ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലിപ്പോള്‍ രണ്ടുതരം ജനങ്ങളാണുള്ളതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു വിഭാഗം യോഗയും ചെയ്തും രാമായണം വായിച്ചും അന്താക്ഷരി കളിട്ടും വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കുമ്പോള്‍ മറ്റൊരു വിഭാഗം സ്വന്തം വീടുകളിലെത്താനുള്ള നെട്ടോട്ടത്തിലാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഭക്ഷണവും വെള്ളവും പോലുമില്ലാതെ നിലനില്‍പിനായുള്ള പോരാട്ടത്തിലാണ് ഇവരെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘രണ്ട് വിഭാഗം ഇന്ത്യക്കാര്‍

ആദ്യ വിഭാഗം (വീടിനുള്ളില്‍)

യോഗ ചെയ്യുന്നു

രാമായണം കാണുന്നു

അന്താക്ഷരി കളിക്കുന്നു

 

രണ്ടാമത്തെ വിഭാഗം

നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

ഭക്ഷണമില്ല

തലചായ്ക്കാനിടമില്ല

സഹായിക്കാന്‍ ആരും ഇല്ല’ – കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ യോഗ പരിശീലിക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. മന്ത്രി പ്രകാശ് ജാവദേക്കര്‍ രാമായണം കാണുന്നതിന്‍റെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനി അന്തക്ഷാരി കളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു കപില്‍ സിബലിന്‍റെ വിമർശനം.