ട്രെയിന്‍ തട്ടി രണ്ടു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം; അപകടം പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെ

Jaihind Webdesk
Friday, December 29, 2023

 

ഇന്‍ഡോർ: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ട്രെയിന്‍ തട്ടി രണ്ടു വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം. പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെയാണ് അപകടമുണ്ടായത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടു.

പതിനേഴുകാരികളായ ബാബ്‌ലി മസാരെ, രാധിക ഭാസ്‌കർ എന്നീ വിദ്യാർത്ഥിനികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോകാനായി പാളം മുറിച്ചുകടക്കവേയാണ് ട്രെയിന്‍ തട്ടിയത്. പുതിയ ട്രാക്കിലെ പരീക്ഷണ ഓട്ടത്തിനിടെയായിരുന്നു അപകടം. സാധാരണയായി ട്രെയിന്‍ വരാത്ത ട്രാക്കായതിനാല്‍ കുട്ടികള്‍ പതിവുപോലെ ആശങ്കയില്ലാതെ പാളം മുറിച്ചുകടക്കവെയാണ് അപ്രതീക്ഷിതമായി ട്രെയിന്‍ എത്തിയത്. അതേസമയം പരീക്ഷണ ഓട്ടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ വിശദീകരണം.