രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം; അനുശോചിച്ച് രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖർ

Jaihind Webdesk
Sunday, February 6, 2022

 

ന്യൂഡല്‍ഹി : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

 

ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖർ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി നിലനിൽക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.

 

ലതാ മങ്കേഷ്കറുടെ വിയോഗം രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

അനശ്വരമായ ആ സുവർണനാദത്തിന്‍റെ അലയൊലികള്‍ ആരാധകരുടെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെടുന്ന ശബ്ദമായി ലതാ മങ്കേഷ്കര്‍ കാലങ്ങളോളം  നിലനില്‍ക്കും. ദുഃഖകരമായ വാർത്തയില്‍ കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

”സംഗീത ലോകത്തിന് ലതാ മങ്കേഷ്‌കർ നൽകിയ സംഭാവനകൾ വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ലതാ മങ്കേഷ്‌കറിന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടം”

മുഖ്യമന്ത്രി പിണറായി വിജയന്‍

ആലാപനമാധുരി കൊണ്ട് ലോകത്തിന്‍റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാ മങ്കേഷ്കർ. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസിൽ മായ്ക്കാനാവാത്ത സ്ഥാനമാണുള്ളത്. ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ആദരാഞ്ജലികൾ. ലതാ മങ്കേഷ്കറിന്‍റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. വരുംതലമുറകൾക്കായി നിത്യഹരിത ഗാനങ്ങളുടെ വസന്ത കാലം സമ്മാനിച്ചാണ് വാനമ്പാടിയുടെ മടക്കം. സംഗീത ലോകത്ത് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് വിടപറഞ്ഞത്”

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

”അതിർത്തികൾ ഭേദിക്കുന്ന, വിദ്വേഷം അകറ്റുന്ന, മനസ് നിറയ്ക്കുന്ന സംഗീത മാസ്മരികത. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും ഉള്ള ഇന്ത്യയെ, രണ്ട് നൂറ്റാണ്ടുകളെ, പല തലമുറകളെ, ഒരു ജനതയെ ആകെ ആസ്വാദനത്തിന്‍റെയും വൈകാരികതയുടേയും പുതിയ തലങ്ങളിലെത്തിച്ചു ലതാജി. രാജ്യത്തിന്‍റെ ആത്മാവിലിടം നേടിയ വാനമ്പാടി. ഒരു യുഗത്തിന്‍റെ അന്ത്യം”

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി

സംഗീത ലോകത്ത് ഇതിഹാസം തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ലതാ മങ്കേഷ്‌കര്‍. മാസ്മരിക ശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ചു. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഏഴ് പതിറ്റാണ്ട് ലതാമങ്കേഷ്‌കറിന്‍റെ ശബ്ദം ഹൃദയത്തിലേറ്റിയ വലിയ ആസ്വാദക വൃന്ദം തന്നെ ഉണ്ടായിരുന്നു. ലതാ മങ്കേഷ്‌കറിന്‍റെ ഒട്ടനവധി ഗാനങ്ങള്‍ മലായളക്കരയും നെഞ്ചേറ്റിയിട്ടുണ്ട്. ലതാമങ്കേഷ്‌കറിന്‍റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു.

രമേശ് ചെന്നിത്തല

അനന്യമായ സ്വരമാധുരികൊണ്ട് ലോകസംഗീതപ്രേമികളെ കോരിത്തരിപ്പിച്ച ലതാ മങ്കേഷ്ക്കർ എന്ന അതുല്യഗായികയ്ക്ക് ജനമനസുകളിൽ മരണമില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പതിനായിരക്കണക്കിന് അനശ്വര ഗാനങ്ങളിലൂടെ അവർ നമ്മുടെ ഓർമ്മകളിൽ ഇനിയും ജീവിക്കും. ലതാ മങ്കേഷ്ക്കറുടെ വിയോഗം സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്തപ്പെടുമെന്ന് കരുതാനാവില്ലെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.