തിരുവനന്തപുരം: ലഹരിക്കള്ളക്കടത്തിൽ ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കൊടിയേരിയെ വിളിച്ചു. ഇതുസംബന്ധിച്ച ഫോണ്‍ രേഖ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.
ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് അറസ്റ്റിലാവുന്നത്. ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്. ഓഗസ്റ്റ് 13 ന് എട്ട് മിനിറ്റിലേറെ ഇരുവരും സംസാരിച്ചതായും ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്വർണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസുമായും അനൂപ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അനൂപിനെ പരിചയമുണ്ടെന്നും എന്നാൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നുമുള്ള ബിനീഷ് കോടിയേരിയുടെ വാദങ്ങൾ ഇതോടെ പൊളിയുകയാണ്. ഇത്രത്തോളം അടുപ്പം കാത്തു സൂക്ഷിച്ച ഒരാൾക്ക് ലഹരിക്കടത്ത് ബന്ധം അറിയാതെ പോകുന്നത് എങ്ങനെ എന്നാണ് ചോദ്യം ഉയരുന്നത്.
അതേസമയം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തില്‍ വിവിധയിടങ്ങളിലായി 47 പേരാണ് ഇന്ന് ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്. കേന്ദ്ര ഏജന്‍സിയായ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ ബെംഗളൂരു സോണും, ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് കേസന്വേഷിക്കുന്നത്. നഗരത്തില്‍ വ്യാപക പരിശോധനകൾ തുടരുകയാണ്.