കർണാടകയില്‍ ബിജെപിയെ ഞെട്ടിച്ച് രണ്ട് നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസില്‍ ചേർന്നു; കൂടുതല്‍ പേർ വരുമെന്ന് ഡി.കെ ശിവകുമാർ

Sunday, February 19, 2023

 

ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കു തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. രണ്ട് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു. എച്ച്.ഡി തമ്മയ്യ, കെ.എസ്‍ കിരൺ കുമാർ എന്നീ നേതാക്കള്‍ക്കൊപ്പം നൂറിലേറെ പ്രാദേശിക നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്കെത്തി. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍  ഇവരെ കോൺഗ്രസിലേക്കു സ്വീകരിച്ചു.

‘‘കര്‍ണാടകയില്‍ ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും കോണ്‍ഗ്രസിലേക്കു വരാൻ ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ പേർ കോണ്‍ഗ്രസിലേക്ക് വരും. അവരുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. കർണാടകയിൽ മാറ്റം വരണമെന്ന് അവർ ആഗ്രഹിക്കുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ ഭരണത്തിനു പകരം സദ്ഭരണം വരണം. കർണാടകയുടെ പുരോഗതിയാണ് അവർക്ക് വേണ്ടത്’’– ഡി.കെ ശിവകുമാർ പറഞ്ഞു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവിയുടെ അനുയായിയായ എച്ച്.ഡി തമ്മയ്യയും മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അനുയായി കിരൺ കുമാറും പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യെദിയൂരപ്പ എന്നിവർ‌ക്ക് കിരൺ കുമാർ രാജിക്കത്ത് കൈമാറി.