പ്രതിഷേധത്തിനു വഴങ്ങി ട്വിറ്റർ ; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ അജയ് മാക്കന്‍, മാണിക്കം ടാഗോര്‍ എംപി, മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേവ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്കു പിന്നാലെ കോൺഗ്രസിന്‍റെ ഔദ്യോഗിക അക്കൌണ്ടും നേതാക്കളുടെ അടക്കം അയ്യായിരത്തോളം അക്കൗണ്ടുകൾക്കും ട്വിറ്റർ വിലക്കേർപ്പെടുത്തിയിരുന്നു. ട്വിറ്റർ നയത്തിനെതിരെ പ്രതിഷേധിച്ചു നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ തങ്ങളുടെ ട്വിറ്റർ പ്രൊഫൈലിലെ പേരും ചിത്രവും രാഹുലിന്റേതാക്കി പിന്തുണയറിയിച്ചതിലായിരുന്നു നടപടി. ഇത്തരത്തിൽ രാഹുൽ ഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ച പല അക്കൗണ്ടുകളും  ട്വിറ്റർ സ്ഥിരമായി റദ്ദാക്കി.

ട്വിറ്ററിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തന്‍റെ അക്കൗണ്ട് പൂട്ടുന്നത് വഴി തങ്ങളുടെ രാഷ്ട്രീയത്തില്‍ കൈകടത്തുകയാണ് ട്വിറ്റർ. ഒരു കമ്പനി നമ്മുടെ രാഷ്ട്രീയത്തില്‍ ഇടപെട്ട് കച്ചവടം ചെയ്യുന്നവെന്നും രാഹുല്‍ വിമര്‍ശിച്ചു. ‘ഇത് രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കെതിരെയല്ല മറിച്ച് രാജ്യത്തെ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണ്. രാഹുല്‍ ഗാന്ധിയെ അല്ല നിങ്ങള്‍ തടയുന്നത്, രാജ്യത്തെ 2 കോടിയോളം വരുന്ന ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തെയാണ്.’

ഇത്തരം പ്രവര്‍ത്തികള്‍ ട്വിറ്ററിന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യും. മാത്രമല്ല രാഷ്ട്രീയപരമായി ഒരു വശത്തേക്ക് ട്വിറ്റര്‍ ചായുന്നത് നിക്ഷേപകര്‍ക്ക് അപകടമാണ്. നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാര്‍ലമെന്‍റില്‍ നമുക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രത്തിലാണ്. എന്നാല്‍ ഞാന്‍ കരുതിയിരുന്നത് പറയാനുള്ളത് ട്വിറ്റര്‍ വഴി ജനങ്ങളിലേക്ക് എത്തിക്കാമെന്നായിരുന്നു. പക്ഷേ സംഭവിക്കുന്നത് അതല്ല. ട്വിറ്റര്‍ ഏകപക്ഷീയമാകുന്നുവെന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു സംവിധാനമായി ട്വിറ്റര്‍ മാറി.

അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിത്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയ കമ്പനികളാണോ അതോ നാം സ്വയമാണോ നമ്മുടെ രാഷ്ട്രീയം നിർവ്വചിക്കേണ്ടത് ? ഇതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment