കേന്ദ്രം ഭയപ്പെടുത്തുന്നു ; ആശങ്ക അറിയിച്ച് ട്വിറ്റർ

Jaihind Webdesk
Thursday, May 27, 2021

ന്യൂഡൽഹി : കേന്ദ്രസര്‍ക്കാറിന്‍റെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താനുള്ള തന്ത്രങ്ങളില്‍ ആശങ്ക അറിയിച്ച് ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കപ്പെടാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും. ഐടി മാര്‍നിര്‍ദേശങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു. കോൺഗ്രസ് ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫിസുകള്‍ ഡല്‍ഹി പൊലീസ് റെയ്ഡ് ചെയ്ത സംഭവത്തിലാണ് ട്വിറ്റര്‍ ആശങ്ക അറിയിച്ചത്.

മോദി സർക്കാരിനെതിരെ കോൺഗ്രസിന്റെ ‘ടൂൾകിറ്റ്’ എന്ന പേരിൽ ബിജെപി നേതാക്കൾ പ്രചരിപ്പിച്ച ട്വീറ്റിന് ‘മാനിപുലേറ്റഡ് മീഡിയ’ എന്ന ടാഗ് ട്വിറ്റർ നൽകിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഈ ടൂൾകിറ്റ് വ്യാജമാണെന്നു കാട്ടി കോൺഗ്രസ് ഡൽഹി പൊലീസിനു പരാതിയും നൽകി. ഇതിനു പിന്നാലെയാണ് ട്വിറ്ററിന്റെ ഓഫിസിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്.

സമൂഹമാധ്യമങ്ങൾ നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട നിയമങ്ങളിൽ ആദ്യമായാണ് ട്വിറ്റർ പ്രതികരിക്കുന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയിൽ ഓഫിസർ വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാൽ 36 മണിക്കൂറിനുള്ളിൽ ആ കണ്ടന്‍റ് നീക്കണം ചെയ്യണമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റൽ മീഡിയയെയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്നത്. എന്നാൽ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയിൽ പോയിട്ടുണ്ട്.