ട്വന്റി ട്വന്റി എന്‍ഡിഎയില്‍

Jaihind News Bureau
Thursday, January 22, 2026

സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി20 പാര്‍ട്ടി എന്‍ഡിഎയില്‍. ചെയര്‍മാന്‍ സാബു ജേക്കബും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താനിരിക്കെയാണ് നിര്‍ണായക നീക്കം.

ആദ്യമായാണ് ട്വന്റി 20 ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. ബിജെപി ദേശീയ നേതൃത്വവുമായി ഉള്‍പ്പെടെ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ട്വന്റി 20യുടെ തീരുമാനം. ട്വന്റി 20യെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ തീരുമാനമാണ് ഇതെന്നു സാബു ജേക്കബ് പറഞ്ഞു.
ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ട്വന്റി 20 പാര്‍ട്ടി രൂപീകരിച്ചത്.

കേരളത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ് ബി ജെ പി. ട്വന്റി 20 ബി ജെ പി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തുമ്പോള്‍ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ സാബുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്‍ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായത്. അതെസമയം അരാഷട്രീയ വാദം പറഞ്ഞ് ജനങ്ങളുടെ വോട്ട് നേടിയ ശേഷം അവരെ പണയപ്പെടുത്തുന്ന നടപടിയാണ് സാബു ജേക്കബിന്റെ എഡിഎ പ്രവേശനമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റെ മുഹമ്മദ് ഷിയാസ്.