പാകിസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു

Jaihind Webdesk
Sunday, January 9, 2022

ലഹോർ: അതിശൈത്യത്തില്‍ പാകിസ്ഥാനിലെ പർവത വിനോദസഞ്ചാര കേന്ദ്രമായ മുറീയിൽ 22 പേർ മരിച്ചു. കനത്ത മഞ്ഞുവീഴ്ചയിൽ പർവതപാതയില്‍ കുടുങ്ങിയ വാഹനങ്ങളിലെ സഞ്ചാരികള്‍ക്കാണ് ദാരുണാന്ത്യം. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നു.

ഇസ്‌ലാമാബാദിൽനിന്ന് 64 കിലോമീറ്റർ അകലെ പാക് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയിലാണ് വിനോദസഞ്ചാരകേന്ദ്രമായ മുറീ. കഴിഞ്ഞ രാത്രി മുതൽ ആയിരത്തോളം വാഹനങ്ങളാണ് ഇവിടെ മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയത്.  മഞ്ഞുവീഴ്ച കാണാനായി സഞ്ചാരികൾ അമിതമായി എത്തിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഗതാഗത തടസം നീക്കാനും രക്ഷാപ്രവർത്തനത്തിനും സൈന്യം രംഗത്തിറങ്ങി.

പട്ടണത്തിൽ കുടുങ്ങിയവർക്ക് താമസസൗകര്യങ്ങളടക്കം സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി പാക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ അറിയിച്ചു. സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നു രാത്രി 9 വരെ അടച്ചു. മഞ്ഞുവീഴ്ച ആയതോടെ ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയത്.