രാഹുലിനായി വീണ്ടും തുറന്ന് തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതി

Jaihind Webdesk
Tuesday, August 8, 2023

ന്യൂഡൽഹി : തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതി  രാഹുലിനായി വീണ്ടും തുറക്കുകയാണ്. അയോഗ്യനായതിന് പിന്നാലെ തന്നെ രാഹുൽ ഗാന്ധി തന്‍റെ  ഇഷ്ട വസതി ഒഴിഞ്ഞിരുന്നു. താൽക്കാലികമായി അമ്മ സോണിയാഗാന്ധിക്കൊപ്പം പത്ത് ജാൻപത് റോഡിലെ വീട്ടിലായിരുന്നു താമസം.

2005 മുതലാണ് രാഹുൽ ഗാന്ധി തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിൽ താമസം ആരംഭിക്കുന്നത്. നീണ്ട 18 വർഷം രാഹുൽ കഴിഞ്ഞ വീടാണത്.അതുകൊണ്ടുതന്നെ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട ഇടം കൂടിയാണ് പന്ത്രണ്ടാം നമ്പർ വസതി.

ഏപ്രിൽ 22നാണ് രാഹുൽ തന്‍റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. എന്നാൽ എംപി സ്ഥാനം തിരികെ ലഭിച്ചതിനെ തുടർന്ന് ലോക്സഭ ഹൗസ് കമ്മിറ്റി ഇന്നലെ അദ്ദേഹത്തിന്‍റെ പഴയ ബംഗ്ലാവ് തിരികെ നൽകാൻ തീരുമാനമെടുത്തു.

അയോഗ്യതയിൽ രാഹുൽ തന്‍റെ വസതി ഒഴിഞ്ഞപ്പോൾ “മേരാ ഘർ ആപ്ക ഘർ” എന്ന ക്യാമ്പയ്നിനും കോൺഗ്രസ് തുടക്കം ഇട്ടിരുന്നു. എന്നാൽ ഇന്ന്  വസതി വീണ്ടും ലഭിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഈ രാജ്യം മുഴുവൻ എന്‍റെ വീടാണെന്നാണ്   രാഹുൽ  മറുപടി നൽകിയത്.